കാട്ടാക്കട: ഉത്സവങ്ങള്‍ക്ക് പ്രൗഢിയും കൊഴുപ്പുമേറ്റുന്നത് ആനച്ചന്തമാണ്. ആറാട്ടിന് ആനകള്‍ നിരക്കുന്നത് ആചാരവും അലങ്കാരവുമാണ്. എന്നാല്‍ ആറാട്ട് ഘോഷയാത്രയ്‌ക്ക് ആനയെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ സ്വന്തമായി ഒരു രഥമൊരുക്കി മാതൃകയാവുകയാണ് തൂങ്ങാംപാറ ഇറയാംകോട് ശ്രീ മഹാദേവ ക്ഷേത്രം ഭാരവാഹികള്‍.
സര്‍ക്കാര്‍ പട്ടികയില്‍ ആന എഴുന്നള്ളത്തിന് അനുമതിയുള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇറയാംകോട് മഹാദേവ ക്ഷേത്രം. ആന എഴുന്നള്ളത്തിന് പ്രത്യേക അനുമതി നേടുന്നതിനുള്ള പൊല്ലാപ്പുകളും പരിചരണവുമൊക്കെയാണ് ആനയെ ഉപേക്ഷിച്ച് രഥം നിര്‍മ്മിക്കാന്‍ ക്ഷേത്രഭാരവാഹികളെ പ്രേരിപ്പിച്ചത്. താന്ത്രിക വിധിപ്രകാരം രണ്ടുമാസം മുമ്പാണ് ക്ഷേത്രത്തില്‍ രഥ നിര്‍മ്മാണം ആരംഭിച്ചത്. തന്ത്രി മഹാദേവന്‍ പോറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷപൂജ ചെയ്ത് മുറിച്ചെടുത്ത തേക്കിന്‍ തടിയിലാണ് രഥം പൂര്‍ണ്ണമായും നിര്‍മ്മിക്കുന്നത്.
തച്ചുശാസ്ത്ര വിദഗ്ദന്‍ ശുചീന്ദ്രം പ്രദീപ് നമ്പൂതിരിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു രഥത്തിന്റെ അളവുകളും കൃത്യതകളും. നാലുകോല്‍ രണ്ട് അംഗുലം പൊക്കവും രണ്ടു കോല്‍ 18 അംഗുലം ചതുരാകൃതിയിലുമാണ് രഥത്തിലെ ഗര്‍ഭഗൃഹം. അതിനുള്ളില്‍ 91 യവം (തച്ചുശാസ്ത്ര പ്രകാരം നീളത്തിന്റെ അളവുകോലാണ് യവം. ഒരു യവം 2.45 സെറ്റീമീറ്ററാണ്) പൊക്കമുള്ള നന്ദികേശ വിഗ്രഹം തേക്കില്‍ തന്നെ കടഞ്ഞെടുത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു മുകളിലായി 127 യവം പൊക്കമുള്ള കോലം സ്ഥാപിച്ച് അതിനുള്ളില്‍ ആറാട്ട് ബിംബം വച്ചാണ് എഴുന്നള്ളത്ത നടത്തുക.
ശില്‍പ്പി സുനില്‍ കൃഷ്ണനാചാരിയുടെ മേല്‍നോട്ടത്തില്‍ ഒരുകൂട്ടം തച്ചന്മാര്‍ രാവും പകലും കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെട്ടാണ് രഥ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാക്കിയത്. ഇനി അവസാനവട്ട മിനുക്ക് പണികളാണ് ശേഷിക്കുന്നത്. ഈ മാസം നടക്കുന്ന ശിവരാത്രി ഉത്സവത്തിന് രഥം സമര്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജി. സതീഷ്‌കുമാര്‍ പറഞ്ഞു.
















