പോലീസ് പരാതി സ്വീകരിച്ച് നല്‍കിയ രസീത്
ചെങ്ങന്നൂര്‍: ദളിത് കുടുംബത്തെ സിപിഎം. നേതാവും കൂട്ടാളികളും വേട്ടയാടുന്ന സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന പോലീസിന്റെ വാദം പൊളിയുന്നു. പോലീസ് പരാതി കൈപ്പറ്റിയതിന്റെ രസീതുമായി ദളിത് കുടുംബം രംഗത്തെത്തി. കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനിയില്‍ പാറമാക്കല്‍ വീട്ടില്‍ രാജപ്പന്റെ ഭാര്യ അമ്പിളിയാണ് പരാതിക്കാരി.
സിപിഎം ലോക്കല്‍ സെക്രട്ടറി പി.എസ്. മോനായിയുടെ നേതൃത്വത്തില്‍ വീടാക്രമിച്ചു, രണ്ടു പെണ്‍മക്കളെ അടക്കം കൈയ്യേറ്റം ചെയ്തു, വസ്ത്രങ്ങള്‍ കത്തിച്ചു എന്നിങ്ങനെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 25നാണ് സംഭവം നടന്നതെന്ന് അമ്പിളി ആരോപിക്കുന്നു. ഇതേപ്പറ്റി ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍ പിള്ളയ്‌ക്ക് 28ന് പരാതി നല്‍കി. നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അമ്പിളി പറഞ്ഞു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നിലപാടാണ് ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍ പിള്ള സ്വീകരിച്ചത്.
പരാതി കിട്ടിയില്ലെന്ന് ചെങ്ങന്നൂര്‍ എസ്‌ഐ എം. സുധിലാലും പറഞ്ഞിരുന്നു.എന്നാല്‍ അമ്പിളി നല്‍കിയ പരാതി പോലീസ് സ്വീകരിച്ച് കൈപ്പറ്റു രസീതും നല്‍കിയിട്ടുണ്ട്. മോനായി അടക്കമുള്ളവരുടെ പേരുകള്‍ രസീതില്‍ പരാമര്‍ശിക്കുന്നു. ഈ സംഭവത്തില്‍ പോലീസിന്റെ നിപപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തില്‍ സിപിഎം നേതാവിനെ സഹായിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തു വരുന്നത്. മുളക്കുഴ പഞ്ചായത്തില്‍ പൂതംകുന്ന് കോളനിയില്‍ താമസിക്കുന്ന തനിക്കും കുടുംബത്തിനുമെതിരെ സിപിഎം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി നടത്തിയ പ്രസ്ഥാവന വാസ്തവ വിരുദ്ധവും സത്യത്തിന് നിരക്കാത്തതുമാണെന്നും പരാതിക്കാരിയായ അമ്പിളി പറഞ്ഞു.
സിപിഎം മുളക്കുഴ സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്തിലാണ് പീഡനങ്ങള്‍ ഏറെയും നടന്നിട്ടുളളത്. കോളനിയില്‍ സ്ഥലം തരാമെന്നും പട്ടയംവാങ്ങി നല്‍കാമെന്നും പറഞ്ഞാണ് പാര്‍ട്ടിനേതാക്കളായ മോനായിയും ജോര്‍ജ്ജ് മാത്യുവും ചേര്‍ന്ന് 7000രൂപ തങ്ങളുടെ പക്കല്‍ നിന്നും വാങ്ങിയത്. രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് വസ്തു മറ്റാരുടെയോ പേരിലാണെന്ന് പറയുന്നത്.നിലവില്‍ എനിക്കും കുടുംബത്തിനും പൂതംകുന്ന് കോളനിയില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പാരതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും അമ്പിളിയും കുടുംബവും ആരോപിക്കുന്നു.
















