ഇരിട്ടി: കേളകം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ തലശ്ശേരിയില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തി. പേരാവൂര്‍ തൊണ്ടി കിഴക്കേമാവടിയില്‍ കൊല്ലംകോട്ട് ജോണി ജോസഫ് (40) ആണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തലശ്ശേരി റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏതാനും വാര അകലെ മടപ്പുര മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ വീണു മരിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനായ ജോണി മൂന്നു വര്‍ഷത്തോളമായി കേളകം പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തു പോയി മടങ്ങിവരവേ തലശ്ശേരി സ്‌റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വാതില്‍പ്പടിക്ക് സമീപം നിന്നപ്പോള്‍ അബദ്ധത്തില്‍ കാല്‍ തെറ്റി വീണതാവം എന്ന് സംശയിക്കുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മൂന്ന് മണിയോടെ മൃതദേഹം കേളകം പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വെക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ജോസഫ് ക്ലാര ദമ്പതികളുടെ മകനാണ് ജോണി. സഹോദരങ്ങള്‍ : മേരിക്കുട്ടി, ടോമി (അങ്കമാലി), ജോസുകുട്ടി (ഇടുക്കി), തങ്കച്ചന്‍, ജെസ്സി (അദ്ധ്യാപിക, അങ്കമാലി)
















