തിരുവനന്തപുരം: ലോ അക്കാദമി ഭൂവിനിയോഗത്തില്‍ ഗുരുതര ചട്ടലംഘനമെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. റീസര്‍വ്വേ നമ്പര്‍ 725/1 ല്‍ 10.5 ഏക്കറും 726/4 ല്‍ 1.5 ഏക്കറുമാണ് 1985ല്‍ ലാ അക്കാദമിക്ക് അനുവദിച്ചത്. എന്നാല്‍ ഇതില്‍ രണ്ടാമത്തെ സര്‍വ്വേ നമ്പരിലെ 1.5 ഏക്കറില്‍ മാത്രമാണ് നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ശേഷിക്കുന്ന പത്തര ഏക്കറില്‍ കോളേജ് ആവശ്യത്തിന് ഉപയോഗിക്കുന്നത് വളരെ കുറച്ച് ഭാഗം മാത്രമാണ്. ശേഷിക്കുന്ന സ്ഥലം അനധികൃതമായി കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും നടന്നിട്ടുണ്ട്. കൂടാതെ ക്യാന്റീന്‍ എന്ന വ്യാജേന ഹോട്ടല്‍ നടത്തുന്നതും കോ ഓപ്പറേറ്റീവ് ബാങ്കിന് കെട്ടിടം വാടകയ്‌ക്ക് നല്‍കിതും ഗുരുതര ചട്ടലംഘനങ്ങളാണ്. അധിക ഭൂമി തിരിച്ച് പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിനുമാത്രം നല്‍കിയിരിക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കിയതെന്നും റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ദിവസം മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ അതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂസെക്രട്ടറി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ഓഫീസറും സര്‍വ്വേയറും തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ക്ക് കൈമാറി. ഈ റിപ്പോര്‍ട്ട് ഇന്ന് റവന്യൂ സെക്രട്ടറിക്ക് കൈമാറും. സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി വാണിജ്യാ അടിസ്ഥാനത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നുവെന്നും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















