തിരുവനന്തപുരം: ധാര്‍മിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സേവനം ജീവിതചര്യയാക്കണമെന്ന ആഹ്വാനം നല്‍കിയാണ് ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന്റെ തിരശീല വീണത്. ഈ ദൗത്യത്തില്‍ ഫെയര്‍ വിജയിച്ചു എന്നു തന്നെ പറയേണ്ടിരിക്കുന്നു. ഇതിന്റെ തെളിവാണ് മേളയിലെ വിവിധ പരിപാടി വീക്ഷിക്കാനെത്തിയവരുടെ ജനപങ്കാളിത്തം. നാലുദിവസമായി നടന്ന ഫെയര്‍ അവസാനിക്കുമ്പോള്‍ സമൂഹത്തിനുമുന്നില്‍ വയ്‌ക്കുന്നത് നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. കാവിയുടുത്തവര്‍ കാടന്‍മാര്‍ എന്ന വിശേഷണം മുതല്‍ ബീഫ് ഫെസ്റ്റ് ഉള്‍പ്പെയുള്ള നിരവധി വിഷയങ്ങള്‍ക്ക് മേള മറുപടി പറഞ്ഞു.
ആചാര്യ വന്ദനം, മാതൃ-പിതൃ വന്ദനം, അതിഥി വന്ദനം, ഗുരുവന്ദനം, ഗോപൂജ, ഗജപൂജ, തുളസീപൂജ, വൃക്ഷപൂജ, നാഗവന്ദനം, കന്യകാ പൂജ, സുവാസിനി പൂജ തുടങ്ങി നിരവധി സാംസ്‌കാരി പരിപാടികള്‍ നടന്നു. ഇതില്‍ ആദ്ധ്യാപകരോട് എങ്ങനെ പെരുമാറണമെന്ന് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കണമെന്ന് മക്കളോടും അതിഥിയെ എങ്ങനെ വരവേല്‍ക്കണമെന്ന് ആതിധേയരെയും പ്രകൃതിയേയും മൃഗങ്ങളെയും എങ്ങനെ പരിപാലിക്കണമെന്ന് മനുഷ്യരേയും പഠിപ്പിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം വര്‍ദ്ധിച്ചത് ഹൈന്ദവസംസ്‌കാരത്തില്‍ നിന്ന് മനുഷ്യന്‍ അകലാന്‍ ശ്രമിക്കുന്നതുകൊണ്ടാണെന്നും മേള നേരിട്ട് പറയുന്നു. നൂറിലധികം വിവിധ പ്രദര്‍ശന സ്റ്റാളുകളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
വിവേകാനന്ദസ്വാമികളുടെ 154-ാം ജന്മദിനത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ നിന്ന് കവടിയാറിലെ വിവേകാനന്ദ പ്രതിമയിലേക്ക് 154 കുരുന്നുകള്‍ വിവേകാനന്ദന്റെ വേഷം കെട്ടി ഘോഷയാത്ര നടത്തിയതോടെയാണ് ഈ വര്‍ഷത്തെ ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരേയും പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ വിവിധയിടങ്ങളിലായി സംഘടിപ്പിച്ചു. ഇന്നലെ നടന്ന പൊതുപരിപാടിയോടെയാണ് ഫെയറിന് സമാപനം കുറിച്ചത്.
ഹിന്ദു, ഹൈന്ദവത എന്നീ സംജ്ഞകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍വ്വചന പ്രകാരം സാമൂഹിക സന്നദ്ധ സേവനങ്ങള്‍ നടത്തി വരുന്ന എച്ച്എസ്എസ്എഫ് എന്ന സാംസ്‌കാരിക സംഘടനയാണ് അനന്തപുരിയില്‍ ഫെയര്‍ സംഘടിപ്പിച്ചത്. പ്രമുഖ ചിന്തകനും മാധ്യമ പ്രവര്‍ത്തകനുമായ എസ്. ഗുരുമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണിത്. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ പ്രധാന നഗരങ്ങളില്‍ ഇത്തരത്തിലുള്ള ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയര്‍ സംഘടിപ്പിച്ചു വരുന്നു. ജസ്റ്റിസ്. കെ.ടി. തോമസ്, സുരേഷ് ഗോപി, ഡോ. ജി. മാധവന്‍ നായര്‍, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ എന്നിവര്‍ രക്ഷാധികാരികളും രാജീവ് ചന്ദ്രശേഖര്‍ എംപി, എസ്. പ്രിയദര്‍ശന്‍ എന്നിവര്‍ ചെയര്‍മാന്മാരുമായ സമിതിയാണ് ഹിന്ദു ആദ്ധ്യാത്മിക സേവന മേളയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. വരും വര്‍ഷങ്ങളിലും ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറി അനന്തപുരിയില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
















