തിരുവനന്തപുരം: കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ എന്നിവയും എലിപ്പനി, ചെള്ളുപ്പനി തുടങ്ങിയവയും ഫലപ്രദമായി നിയന്ത്രിക്കുന്നത് സംബന്ധിച്ച ഫോഗിംഗ്, ബ്ലീച്ചിംഗ്, സ്‌പ്രേയിംഗ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മേയര്‍ അഡ്വ വി.കെ. പ്രശാന്ത്. വിശദമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്നതിനും ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് വിപുലമായ യോഗം വിളിച്ച് ചേര്‍ക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരപരിധിയിലെ വാര്‍ഡുകളില്‍ കൊതുകുജന്യ രോഗങ്ങള്‍ പടരാതിരിക്കുന്നതിന് കേരള ഹെല്‍ത്ത് സര്‍വ്വീസസ് സെന്റര്‍ ഡിപാര്‍ട്ട്‌മെന്റും നഗരസഭയും ചേര്‍ന്ന് ഊര്‍ജിത പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറേറ്റിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി മേയറും നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാറും ചര്‍ച്ച നടത്തി. ഫലപ്രദമായ മാലിന്യസംസ്‌കരണ പരിപാടി പ്രാവര്‍ത്തികമാക്കും. പ്രത്യേകം ശ്രദ്ധ നല്‍കി ഒരുവിധത്തിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും വലിച്ചെറിയരുതെന്നും പൊതുജനങ്ങളോട് മേയര്‍ ആവശ്യപ്പെട്ടു.
















