തിരുവനന്തപുരം: സി.പി. രാമസ്വാമി അയ്യരുടെ കാലത്തെ ഭൂമി ഇടപാടുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വന്‍ കിട ഭൂമി കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു.
കേരളത്തിലെ അഞ്ചര ലക്ഷത്തിലധികം ഏക്കര്‍ തോട്ടം ഭൂമിയാണ് കോര്‍പ്പറേറ്റുകളും വന്‍കിട കമ്പനികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. ടാറ്റയും ഹാരിസണും യോഹന്നാനുമൊക്കെ ഇതില്‍ പെടും. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് കമ്പനികള്‍ കൈവശം വച്ച ഭൂമിയാണ് ഇത്. ഇവരെ ഒഴിപ്പിക്കാനായി പ്രത്യേകം നിയമനിര്‍മ്മാണം നടത്തണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയത്. കാലപരിധിയുടെ പേരില്‍ ഭൂമി കൈയേറ്റത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി, വന്‍കിട ഭൂമി കൈയേറ്റക്കാര്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.
നാഴികയ്‌ക്ക് നാല്പതുവട്ടം കോര്‍പ്പറേറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും കേരളത്തില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും അട്ടിമറിച്ച് ഭൂമി കൈയേറിയ കോര്‍പ്പറേറ്റുകള്‍ക്ക് ജയജയ പാടുകയാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ കുടുംബം കൈയേറിയ ഭൂമിയില്‍ കുടില്‍ കെട്ടിയ സിപിഎം ഇപ്പോള്‍ സമയ പരിധിയുമായി വന്നിരിക്കുന്നത് കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു.
















