ഒറ്റപ്പാലം: നെഹ്‌റു ഗ്രൂപ്പ് സ്ഥാപനമായ ഒറ്റപ്പാലം വാണിയംകുളം പി.കെ. ദാസ് മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാരികള്‍ ആസിഡ് അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
റേഡിയോളജി ജീവനക്കാരായ ഒറ്റപ്പാലം പനമണ്ണ സ്വദേശി സൗമ്യ (25), ലക്കിടി അകലൂര്‍ സ്വദേശി ഐശ്യര്യ (25) എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇരുവരും ഇതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോലി സമയത്തിനിടെ വിശ്രമ മുറിയില്‍ ഛര്‍ദ്ദിക്കുന്നത് കണ്ട സഹ പ്രവര്‍ത്തകരാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. നൈട്രിക് ആസിഡ് കഴിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പാലം എസ്.ഐ ആദംഖാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ആശുപത്രി ജീവനക്കാരില്‍ നിന്നും യുവതികളുടെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. റേഡിയോളജി കോഴ്‌സ് പൂര്‍ത്തിയാക്കി ട്രെയിനികളായി രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും ഇവിടെ ജോലിക്ക് കയറിയത്. ഒരു മാസം മുന്‍പ് ജോലി രാജിവെക്കാന്‍ തീരുമാനിച്ച് രണ്ട് പേരും മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. മാനേജ്‌മെന്റ് ഇത് അംഗീകരിച്ചതോടെ ഇന്നലെ ഐശ്വര്യയ്‌ക്കും സൗമ്യയ്‌ക്കും അവസാന ജോലി ദിവസമായിരുന്നു.
അടുത്ത സുഹൃത്തുക്കളായ ഇരുവര്‍ക്കും വേര്‍പിരിയുന്നതില്‍ വിഷമുമണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ജോലി വേണ്ടെന്ന ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധമാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന. 24 മണിക്കൂറിന് ശേഷം ആരോഗ്യ നിലയെ കുറിച്ച് വ്യക്തമാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞത്. യുവതികളുടെ ബന്ധുക്കള്‍ സംഭവം സംബന്ധിച്ച് പൊലിസില്‍ ഇതുവരെ പരാതികളൊന്നും നല്‍കിയിട്ടില്ല.
















