ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനും എതിരെയാണ് സര്‍ക്കാരിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 1857ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു പോരാട്ടമെങ്കില്‍ ഇന്ന് കള്ളപണത്തിനും ദാരിദ്ര്യത്തിനും എതിരായാണ് പോരാട്ടം നടക്കുന്നതെന്നും മോദി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കണെന്ന് കേന്ദ്രസര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ അനുവദിക്കുന്ന പണം ഏതെങ്കിലും വഴിക്കു പോകുമെന്ന് മോദി ചൂണ്ടിക്കാട്ടി. 7,000 കോടി രൂപ കേന്ദ്രം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ പകുതി തുക പോലും ചിലവഴിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണം ഇല്ലാതാക്കി ബിജെപിയുടെ ഭരണം കൊണ്ടുവരണമെന്നും മോദി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഇന്നലെവരെ സമാജ് വാദി പാര്‍ട്ടിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു. ഇന്ന് സമാജ് വാദി പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ്.
ആരോഗ്യരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യു.പി സര്‍ക്കാറിന് 4,000 കോടി രൂപ നല്‍കിയിരുന്നു. ഇതില്‍ 2,500 കോടി രൂപ പോലും സര്‍ക്കാര്‍ വിനിയോഗിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യുപിയ്‌ക്ക് അനുവദിച്ച തുക എവിടേയ്‌ക്കാണ് പോകുന്നത് മോദി ചോദിച്ചു.
2022നകം രാജ്യത്തെ എല്ലാ ആളുകള്‍ക്കും വീട് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇപ്പോഴത്തെ നീക്കം ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണെന്നും മോദി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തേക്കുറിച്ച് വിശകലനം ചെയ്യുകയും പഠിക്കുകയും നമ്മെ പുകഴ്‌ത്തുകയും ചെയ്യുമ്പോള്‍ ഇവിടെത്തന്നെയുള്ള ചിലയാളുകള്‍ ഇതിനെ സംശയത്തോടെ വീക്ഷിക്കുകയാണ്. ഇത്തരക്കാരെ രാജ്യം ഭരിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ടുവരെ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം.
















