കാസര്‍കോട്: ലോ അക്കാദമിയുടെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി റവന്യൂ മന്ത്രി രംഗത്ത്. അക്കാദമിക്ക് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട്കാലത്ത് നടന്ന ഭൂമി എറ്റെടുക്കല്‍ പ്രശ്നത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ അന്വേഷിക്കേണ്ടതില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇത്തരം ഒരു പരാതി സര്‍ക്കാരിന്റെ മുന്നില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റവന്യൂ മന്ത്രി. ഭൂമി പ്രശ്നവുമായി ഇപ്പോള്‍ കിട്ടിയിട്ടുള്ള പരാതിയിന്മേല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് റവന്യൂ സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.
ലോ അക്കാദമിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും മുന്നണി തലത്തിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്നാണ് ഇരുവരുടെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.
















