ലക്നൗ: ഉത്തര്‍പ്രദേശിലെ മൊബൈല്‍ റീചാര്‍ജ് കടകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ പണത്തിന് വില്‍ക്കുന്നു. പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് പണം വാങ്ങി കടക്കാര് നമ്പറുകള്‍ കൈമാറുന്നത്. 50 മുതല്‍ 500 രൂപവരെയാണ് ഒരു ഫോണ്‍ നമ്പറിന് ഇവര്‍ വില ഈടാക്കുന്നത്.
പെണ്‍കുട്ടികളുടെ മൊബൈലുകളിലേക്ക് ശല്യം ചെയ്യുന്ന കോളുകള്‍ വരാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ക്കായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ പരാതി നല്കി. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നാലുവര്‍ഷത്തിനിടയില്‍ ഈ ഹെല്പ് ലൈന്‍ നമ്പര്‍ വഴി ആറ് ലക്ഷം പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 90 ശതമാനവും ഫോണിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്നതായുള്ളതാണ്.
സൗഹൃദം സ്ഥാപിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്ദേശങ്ങള്‍ അയച്ചശേഷമാണ് സ്ത്രീകളെ ശല്യം ചെയ്യാന്‍ ആരംഭിച്ചത്. വിനോദത്തിനായാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ കൈക്കലാക്കി ഫോണ്‍ വിളിക്കുന്നതും സന്ദേശങ്ങള്‍ അയയ്്ക്കുന്നതും. ചിലപ്പോള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വരെ വാട്സ്ആപ്പിലൂടേയും മറ്റും പലര്‍ക്കും അയച്ചിട്ടുണ്ടെന്നും അറസ്റ്റിലായ ഷഹ്ജന്‍പൂര്‍ സ്വദേശി മൊഹമ്മദ് (24) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നു റീ ചാര്‍ജ് കട ഉടമസ്ഥര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 467 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കടകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇത്തരത്തില്‍ മൊബൈല്‍ നമ്പറുകള്‍ നല്കുന്നവര് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സിംകാര്‍ഡുകള്‍ വാങ്ങാനും ഇവര്‍ക്ക് സഹായം നല്‍കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
















