കൊച്ചി: നാളെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രണാമസന്ധ്യ ചടങ്ങില്‍ മാക്ടയുടെ ആദ്യ ലെജന്റ് ഓണര്‍ പുരസ്‌കാരം എം. ടി. വാസുദേവന്‍ നായര്‍ക്ക് മമ്മൂട്ടി സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
യുവതലമുറയിലെ സംവിധായകരടക്കമുള്ള സാങ്കേതികപ്രവര്‍ത്തകരും നടീനടന്മാരും പങ്കെടുക്കും. സംഗീതസംവിധായകന്‍ ശ്യാം, ഗാനരചയിതാവ് ബിച്ചു തിരുമല, സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍, മേക്കപ്പ്മാന്‍ പത്മനാഭന്‍, വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജന്‍, നിര്‍മ്മാതാവ് അരോമമണി, കലാസംവിധായകന്‍ രാധാകൃഷ്ണന്‍ എന്നിവരെ ആദരിക്കും.
തുടര്‍ന്ന് ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ കലാകാരന്മാര്‍ക്കുള്ള മാക്ടയുടെ ഉപഹാരം സമ്മാനിക്കും. സംഗീതസംവിധായകരായ ഔസേപ്പച്ചന്‍, ഗോപിസുന്ദര്‍, രാഹുല്‍രാജ്, ബിജിബാല്‍, അല്‍ഫോണ്‍സ് എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയില്‍ എം. ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിധുപ്രതാപ്, നാദിര്‍ഷാ, ദേവാനന്ദ്, സിതാര, ദലീമ, രാജലക്ഷ്മി, ശ്രേയ ജയദീപ്, അപര്‍ണ്ണ രാജീവ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.
ചലച്ചിത്രതാരങ്ങളായ മിയ, പാര്‍വ്വതി നമ്പ്യാര്‍, മുക്ത, ഗൗരി, നടാഷ, അങ്കണറായ്, ജാസ്സ് ഡിസൂസ എന്നിവരുടെ നൃത്തം, മറ്റ് ഹാസ്യപരിപാടികള്‍ എന്നിവയുണ്ടാകും. മാക്ട അംഗങ്ങളുടെ മക്കളില്‍ പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് സ്വര്‍ണമെഡല്‍ സമ്മാനിക്കും.
















