ബാംഗ്ളൂര്‍: കാല് ലക്ഷം കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ സ്കൂള്‍ വരുന്നു. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ (ഇസ്കോണ്‍) (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്നെസ്) നേതൃത്വത്തിലാണ് സ്ക്കൂള്. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയായതായി ഇസ്ക്കോണ് മേധാവി പത്മശ്രീ മധു പണ്ഡിറ്റ് ദാസ് ജന്മഭൂമിയോട് പറഞ്ഞു.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് ആന്ധ്രയിലാകും സ്കൂള്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാത്രം ആയിരം കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇന്‍ഫോസിസ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ സഹകരണം വാഗ്ദാനം ചെയ്തു കഴിഞ്ഞു. ആശയം പറഞ്ഞയുടന്‍ സ്കൂള്‍ ആന്ധ്രയില്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് എല്ലാ സഹായവും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്യുകയായിരുന്നു. പ്രൈമറി മുതല്‍ എഞ്ചീനീയറിങ്-മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളാകും ഉണ്ടാകുക. മുന്നൂറ് ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഏറ്റിരിക്കുന്നത്.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എം എന്‍ വെങ്കടചെല്ലയ്യ ചെയര്‍മാനായ സമിതി രാജ്യത്തെ ഏറ്റവും പിന്നാക്കം നില്ക്കുന്ന 140 ജില്ലകളില്‍ നടത്തിയ പഠനത്തില്‍ ആ ജില്ലകളില്‍ മിടുമിടുക്കരായ കുട്ടികള്‍ ഉണ്ടെന്നും അവര്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനായില്ല. അതിനൊരു പരിഹാരം എന്ന നിലയിലാണ് റസിഡന്‍ഷ്യല്‍ സ്കൂള്‍. മധു പണ്ഡിറ്റ് ദാസ് പറഞ്ഞു. രണ്ടാം ക്ളാസിലേയ്ക്കായിരിക്കും പ്രവേശനം. കുട്ടികളുടെ അഭിരുചി അനുസരിച്ച് എത്രവരെ പഠിക്കാമോ അതിന് സൗകര്യം ഒരുക്കും.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി 16 ലക്ഷം സ്കൂള്‍ കുട്ടികള്‍ക്കു ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നല്കുന്ന അക്ഷയ പാത്ര പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന്റെ ആത്മവിശ്വാസവുമായിട്ടാണ് മലയാളി കൂടിയായ മധു പണ്ഡിറ്റ് മറ്റൊരു ബ്രഹത് പദ്ധതിക്ക് തയ്യാറെടുക്കുന്നത്.
















