മുംബൈ: മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നും രണ്ടു ദിവസത്തിനിടെ 80 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് മലയാളികള്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി.
എയര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ (എഐയു) ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഷാര്‍ജയിലേക്ക് പോവുകയായിരുന്ന മുഹമ്മദ് ജലാല്‍ മുല്ലക്കോയ തങ്ങള്‍ എന്ന വ്യക്തിയില്‍ നിന്നും 70 കനേഡിയന്‍ ഡോളറുകള്‍ കണ്ടെത്തി. 7,22,530 രുപ വിലമതിക്കുന്നതാണ് ഇത്. ഹാന്‍ഡ് ബാഗില്‍ വസ്ത്രങ്ങള്‍ക്കൊപ്പം കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെടുത്തത്. തൊട്ടടുത്ത ദിവസം ബാങ്കോക്കിലേക്ക് പോവുകയായിരുന്ന നിതിന്‍ കോതാരിയില്‍ നിന്നും 13600 യുഎസ് ഡോളറുകളും (9,16,640 രൂപ) പിടികൂടി.
ദുബായിയില്‍ നിന്നും ഇന്ത്യയിലെത്തിയ തയ്യില്‍ മജീദ് എന്നയാളുടെ കയ്യില്‍ നിന്നും 1.235 കിലോഗ്രാമുള്ള വളയും കണ്ടെത്തി. 15,000 രൂപയുടെ ഇളവിലാണ് ഇയാള്‍ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയത്. ഇതുകൂടാതെ ദൂബായിയില്‍ നിന്ന് മുംബൈയിലേക്ക് വൈറ്റ് ഗോള്‍ഡ് കടത്തിയ കേസില്‍ നയീം ബാനു എന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. ഒരു കിലോഗ്രാം തൂക്കമുള്ള വൈറ്റ് ഗോള്‍ഡിന്റെ 16 കഷണങ്ങളും 12 വാഷറുകളുമാണ് ഇവര്‍ കടത്തിയത്.
വിപണിയില്‍ 30,00,000 രൂപ വിലമതിക്കുന്നതാണ് ഇത്. ദുബായിയില്‍ താമസിക്കുന്ന ആരിഫ് അഹമ്മദിന്റേതാണ് ഇതെന്നാണ് ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. നാലുപേരേയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















