തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എല്‍ഡിഎഫ് പ്രകടന പത്രികക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഐ നേതാവും എഐടിയുസി ജനറല്‍ സെക്രട്ടറിയുമായ കെ.പി.രാജേന്ദ്രന്.
തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിനെതിരാണ്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയുടെ കടബാദ്ധ്യതകള്‍ ഏറ്റെടുക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നും കെ.പി.രാജേന്ദ്രന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളികളെ പിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെങ്ങും ഇടതുപക്ഷം നടത്തുന്ന തൊഴില്‍ സമരങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും രാജേന്ദ്രന് പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരേയും സംരക്ഷിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടുണ്ടായില്ലെങ്കില്‍ സമരം തുടരും. കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴുള്ള പ്രതിസന്ധി സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു.
ഡീസലിന് 26.75 ശതമാനമാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് നികുതി ഈടാക്കുന്നത്. കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും നാല് ശതമാനം നികുതിക്ക് ഡീസല്‍ നല്‍കുമ്പോഴാണിത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ട ആയിരം കോടി രൂപ ഉടന്‍ നല്‍കണമെന്നും കെ.പി.രാജേന്ദ്രന് ആവശ്യപ്പെട്ടു.
ഇടതുമുന്നണിയില്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രിയോടും മുന്നണി കണ്‍വീനറോടും ആവശ്യപ്പെടും. ബിഎംഎസ്, ഐഎന്‍ടിയുസി ഉള്‍പ്പടെയുള്ള സംഘടനകളുമായി സഹകരിച്ച് സമരം ശക്തിപ്പെടുത്തുമെന്നും രാജേന്ദ്രന് തൃശൂരില്‍ പറഞ്ഞു.
















