കണ്ണൂര്‍: കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതുസംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുപ്പത്തിയെട്ടാമത് വാര്‍ഷിക കൗണ്‍സില്‍ യോഗം 5ന് കണ്ണൂരില്‍ നടക്കും. റബ്‌കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ സ്വകാര്യ, സര്‍ക്കാര്‍, ഗവേഷണ വിദ്യാര്‍ത്ഥി മേഖലകളില്‍ നിന്നായി എണ്ണായിരത്തിലധികം ഡോക്ടര്‍മാരെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും സമഗ്രമായി ഇടപെടാന്‍ ആയുര്‍വേദ സമൂഹത്തെ തയ്യാറാക്കുന്നതിനും ആയുര്‍വേദ വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റം വരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. മരുന്നുകളുടെ അശാസ്ത്രീയമായ അനധികൃത പ്രചരണ പരസ്യം, വ്യാജചികിത്സയുടെ ദുരനുഭവങ്ങള്‍ ജനങ്ങളോട് സംവദിക്കല്‍ തുടങ്ങിയവയെല്ലാം കൗണ്‍സില്‍ യോഗത്തില്‍ വിശകലനം ചെയ്യും. സമ്മേളനത്തിന്റെ ഉദ്ഘാടനം കാലത്ത് പത്തിന് മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആയുര്‍വേദ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവാര്‍ഡ് വിതരണം നടത്തും. എഎംഎഐ ഭിഷക് രത്‌ന അവാര്‍ഡിനര്‍ഹനായ ഡോ.സി.അബു, മീഡിയ അവാര്‍ഡിനര്‍ഹനായ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് പ്രഭാത് നായര്‍, ഡോ.എന്‍.വി.കെ.വാര്യര്‍ മെമ്മോറിയല്‍ ആയുര്‍വേദ പ്രചരണ അവാര്‍ഡിനര്‍ഹനായ ഡോ. ഷര്‍മ്മദ് ഖാന്‍, ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാര്‍ഡിനര്‍ഹനായ ഡോ ഈശ്വരശര്‍മ, ലെജന്റ് പ്രതിഭാ പുരസ്‌കാരത്തിനര്‍ഹനായ ഡോ.മാത്യൂസ് വെമ്പള്ളി എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. പി.കെ.ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.പി.മോഹനന്‍, ഡോ.അജിത്കുമാര്‍ കെ.സി, ഡോ.മനോജ് കാളൂര്‍, ഡോ.വി.ജി.ഉദയകുമാര്‍, കെ.ഡോ.മാലിനി എന്നിവര്‍ പങ്കെടുത്തു.
















