മട്ടാഞ്ചേരി: സേവനം കര്‍ത്തവ്യമാകണം, അത് സ്വാര്‍ത്ഥതയെ ഇല്ലാതാക്കുമെന്ന് ഹള്‍ദ്ദിപുര്‍ ശ്രീ കൃഷ്ണാശ്രമം മഠാധിപതി ശ്രീ ശ്രീ വാമനാശ്രമം സ്വാമി. മട്ടാഞ്ചേരിയില്‍ സംസ്‌കൃതി ഭവന്റെ നന്ദനം ബാലസദനം ഗൃഹപ്രവേശത്തിനുശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനം ഭോഗ ജീവിതത്തിലേയ്‌ക്ക് നയിക്കുന്നു.
സമാജിക ഉന്നതിക്കായി ത്യാഗപൂര്‍ണ്ണ ജീവിതം നയിക്കണം. ശ്രീ ശങ്കരാചാര്യ സ്വാമികള്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെ പരോപകാര ജീവിതത്തെയാണ് സന്ദേശമായി നല്‍കിയത്. ജീവിത ആത്മസാക്ഷാത്ക്കാരത്തിന് സേവന ജീവിതം വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതി ഭവന്‍ അദ്ധ്യക്ഷന്‍ കെ. നിത്യാനന്ദ കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തിന്റെ സ്വാര്‍ത്ഥതയാണ് അസ്പൃശ്യതയ്‌ക്ക് കാരണം. ഇത് ശാന്തിയും സമാധാനവും ഇല്ലാതാക്കി. സേവന കേന്ദ്രങ്ങളിലൂടെ സാമാജിക മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് എന്ന് പ്രാന്തസംഘചാലക്ക് പി.ഇ.ബി.മേനോന്‍ പറഞ്ഞു.
നന്മയുള്ള മനസ്സുകളാണ് നല്ല സമാജലക്ഷണം. നാടിന്റെ രക്ഷ നമ്മുടെ സമാജ രക്ഷയാണ് ഇതിനായി സ്വയം മുന്നിട്ടിറങ്ങണമെന്ന് ആര്‍എസ്എസ് സേവാപ്രമുഖ് സി.കെ. ചന്ദ്രന്‍ പറഞ്ഞു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന മനസ്സുകള്‍ വളര്‍ന്നു വരണം. പുണ്യ പവിത്ര കേന്ദ്രങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെന്നപ്പൊലെ സേവാ കേന്ദ്രങ്ങളും നമുക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറണം. സേവനം മാനവനുള്ള മാനസപൂജയായി കാണണമെന്ന് സീമാ ജാഗരണ്‍ മഞ്ച് ഓര്‍ഗനൈസര്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് സണ്ണി.എന്‍.വി, രാജ് കുമാര്‍ ഗുപ്ത, എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















