തിരുവനന്തപുരം: ലോ അക്കാദമിയില്‍ റവന്യൂവകുപ്പിന്റെ പരിശോധനയില്‍ ഭൂമി തരംമാറ്റിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തഹസില്‍ദാരും സര്‍വ്വേവകുപ്പിലെ ഉന്നതരുമടങ്ങുന്ന സംഘം വിശദപരിശോധന നടത്തും. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍, ബിജെപി നേതാവ് വി. മുരളീധരന്‍, സി.എല്‍.രാജന്‍ തുടങ്ങിയവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനാണ് അന്വേഷണ ചുമതല. ഭൂമി കൈമാറ്റവും അക്കാദമിയുടെ പേരില്‍ സ്റ്റാച്യുവിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് പണിതതും അന്വേഷണ പരിധിയില്‍വരും.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടിനാണു വില്ലേജ് ഓഫീസറുടെയും സര്‍വ്വേ ചുമതലയുള്ള അഡീഷണല്‍ തഹസില്‍ദാറുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്ക് എത്തിയത്. സംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കിയ ഭൂമി തരംമാറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ട്.
1968ല്‍ ആണ് ലോ അക്കാദമിക്ക് 11.49 ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയത്. അന്ന് കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍നായര്‍ ആറുവര്‍ഷത്തെ പാട്ടത്തിനാണു ഭൂമി നല്‍കിയത്. സെന്റിന് 2500 രൂപയായിരുന്നു പാട്ടത്തുക. ഇതിനെതിരെ റവന്യുമന്ത്രിയായിരുന്ന ഗൗരിയമ്മ എതിര്‍പ്പുമായി രംഗത്തുവന്നു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്‍കേണ്ടതു റവന്യൂവകുപ്പാണ്. തന്നെ അറിയിക്കാതെ നല്‍കിയ ഭൂമി മടക്കി നല്‍കണമെന്നു ലോ അക്കാദമിയോട് അവര്‍ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. കൃഷിവകുപ്പിനു കീഴിലെ സ്ഥലമാണ് കൈമാറുന്നതെന്ന് വാദമുന്നയിച്ച എം.എന്‍. ഗോവിന്ദന്‍നായര്‍ തെറ്റു പറ്റിപ്പോയെന്ന് പിന്നീട് സമ്മതിച്ചു.
1975ല്‍ സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പാട്ടത്തുക സെന്റിന് 6000 രൂപയാക്കി വര്‍ധിപ്പിച്ച് പാട്ടക്കാലാവധി 30 വര്‍ഷത്തേക്കു പുതുക്കി. പിന്നീട് 1984ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ.ജോസഫ് റവന്യൂമന്ത്രിയും ആയിരിക്കെയാണു ഭൂമി പതിച്ചുനല്‍കിയത്. അക്കാദമിക് ആവശ്യങ്ങള്‍ക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കു ഭൂമി ഉപയോഗിച്ചാല്‍ തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം.
















