പട്ടാള ക്യാമ്പിന് സമാനമാണ് അകാലിദളിന്റെ പാട്യാല തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെ അച്ചടക്കം. ബഹളമോ തിരക്കോ ഇല്ല. ഓരോരുത്തരുടെയും ജോലികള്‍ കൃത്യമാണ്. ആശയക്കുഴപ്പമില്ലാതെ അവരത് ചെയ്തു തീര്‍ക്കുന്നു. മുന്‍ കരസേനാ മേധാവി ജനറല്‍ ജെ. ജെ. സിങ് ആണ് സ്ഥാനാര്‍ത്ഥി.
ഓഫീസിന്റെ നിയന്ത്രണം മുതിര്‍ന്ന വിമുക്ത ഭടന്മാര്‍ക്കും. അപ്പോള്‍ പട്ടാളച്ചിട്ട ഇല്ലെങ്കിലല്ലെ അത്ഭുതമുള്ളു!. കരസേനയില്‍ ക്യാപ്റ്റനായിരുന്ന കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിങ്ങിനെയാണ് ജെ. ജെ. സിങ് നേരിടുന്നത്. ജനറലും ക്യാപ്റ്റനും നേര്‍ക്കുനേര്‍ മത്സരിക്കുന്നതിന്റെ ആവേശം മണ്ഡലത്തില്‍ ദൃശ്യമാണ്.
ജനറലിനെ ക്യാപ്റ്റന്‍ തോല്‍പ്പിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നാണ് അമരീന്ദറിന്റെ അവകാശവാദം. അമരീന്ദറിന്റെ രാഷ്‌ട്രീയഭാവി ഇതോടെ അവസാനിക്കുമെന്ന് ജെ. ജെ. സിങ്ങും വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മണ്ഡലമായ ലാംബിയിലും അമരീന്ദര്‍ മത്സരിക്കുന്നുണ്ട്. ആദ്യ സിഖ് കരസേനാ മേധാവിയായ ജെ. ജെ. സിങ് ചോദിച്ചുവാങ്ങിയ മണ്ഡലമാണ് പാട്യാല.
പഞ്ചാബിലെ പട്ടാളപ്പോരാട്ടം പാട്യാലയില്‍ മാത്രം ഒതുങ്ങുന്നില്ല. ബാലറ്റുകളെ നേരിടാന്‍ ബുള്ളറ്റുകളെ നേരിട്ട സൈനികരുടെ പടതന്നെയുണ്ട് സംസ്ഥാനത്ത്. മൊഹാലിയില്‍ അകാലിദള്‍- ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുന്‍ ഡപ്യൂട്ടി കമ്മീഷണറായ ക്യാപ്റ്റന്‍ ടി. പി. എസ്. സിദ്ദുവാണ്. മുന്‍ മിലിട്ടറി ഇന്റലിജന്റ്‌സ് ഓഫീസറായ ബ്രിഗേഡിയര്‍ രാജ്കുമാര്‍ ബലാഷോര്‍ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു.
ശൗര്യചക്ര നല്‍കി രാജ്യം ആദരിച്ച ക്യാപ്റ്റന്‍ ബിക്രംജിത് സിങ്ങാണ് ഖേം കരാനിലെ എഎപി സ്ഥാനാര്‍ത്ഥി. ഇതിന് പുറമെ നിരവധി വിമുക്ത ഭടന്മാര്‍ മത്സരരംഗത്തുണ്ട്.
പ്രചാരണത്തിലും പട്ടാള സ്വാധീനം ദൃശ്യമാണ്. നാല് ലക്ഷം വിമുക്തഭടന്മാരും ലക്ഷക്കണക്കിന് സൈനിക കുടുംബങ്ങളുമുണ്ട് പഞ്ചാബില്‍. സൈനിക വോട്ടുബാങ്കില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കണ്ണുണ്ട്. പ്രകടന പത്രികയില്‍ പട്ടാള സ്‌നേഹം നിറഞ്ഞുകവിയുന്നു. വിമുക്തഭടന്മാരുടെയും സൈനികരുടെയും ക്ഷേമത്തിന് മുഖ്യമന്ത്രിക്ക് കീഴില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം.
വിമുക്തഭടന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷന്‍ രൂപീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു. വിമുക്തഭടന്മാരുടെ കാന്റീന്‍ സാധനങ്ങളുടെ നികുതി ഒഴിവാക്കുമെന്നും സാമ്പത്തിക സഹായം നല്‍കുമെന്നും അകാലിദള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ നിരക്കില്‍ വായ്‌പ, മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, 50 ശതമാനം യാത്രാ സൗജന്യം എന്നിവയാണ് ബിജെപി മുന്നോട്ട്‌വെക്കുന്നത്.
പതിറ്റാണ്ടുകളോളം കോള്‍ഡ് സ്‌റ്റോറേജിലായിരുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ബിജെപി ഉയര്‍ത്തിക്കാണിക്കുന്നു. മിന്നലാക്രമണം തങ്ങളുടെ അഭിമാനമുയര്‍ത്തിയതായി സൈനിക കുടുംബങ്ങള്‍ പറയുന്നു. വിമുക്തഭടന്മാരും പട്ടാള വിഷയങ്ങളും ഇത്തവണയാണ് ഇത്രത്തോളം സജീവമായത്.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന് വേണ്ടിയുള്ള സമരമാണ് വിമുക്തഭടന്മാരുടെ കൂട്ടത്തോടെയുള്ള രാഷ്‌ട്രീയ പ്രവേശനത്തിന് കാരണമായത്.രാജ്യം കാത്ത തങ്ങളെ രാഷ്‌ട്രീയ നേതൃത്വം അവഗണിച്ചതായി അവര്‍കരുതുന്നു. സമരത്തിനൊടുവില്‍ പലരും രാഷ്‌ട്രീയത്തില്‍ സജീവമായി. ഒരു വിഭാഗം ഫോജി ജനതാ പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ചു. എന്നാല്‍ അവര്‍ മത്സരരംഗത്തില്ല. ആര്‍ക്കാണ് പിന്തുണയെന്നും പരസ്യമാക്കിയിട്ടില്ല.
സര്‍ക്കാര്‍ ജോലികളിലെ സംവരണം, ബലിദാനികളുടെ കുടുംബങ്ങളുടെ പുനരധിവാസം, സൈനിക വിഭാഗങ്ങള്‍ക്ക് പ്രത്യേക ശമ്പളക്കമ്മീഷന്‍ തുടങ്ങി നിരവധി വിഷയങ്ങളും വിമുക്തഭടന്മാര്‍ ഉയര്‍ത്തുന്നുണ്ട്. സൈനികരുടെ അച്ചടക്കവും സേവന മനോഭാവവും രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. സൈന്യത്തെ രാഷ്‌ട്രീയവത്കരിക്കുന്നതിലേക്ക് ഇത് നീളുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.
















