ഭരണവിരുദ്ധ വികാരം ശക്തമായ ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് ശക്തമാകുന്നു. ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിലും ഒരുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 15ന് ഇവിടെ വോട്ടെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം മാര്‍ച്ച് 11ന് വോട്ടെണ്ണും.
ആകെ 75 ലക്ഷം ജനസംഖ്യമാത്രമാണ് ഉത്തരാഖണ്ഡിലുള്ളത്. ചാര്‍ധാമുകളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവ അടക്കം നിരവധി പുണ്യസ്ഥലങ്ങള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമാണ്. ഹരിദ്വാറും ഋഷികേശും കര്‍ണ്ണപ്രയാഗും രുദ്രപ്രയാഗും ദേവപ്രയാഗുമെല്ലാം ഉത്തരാഖണ്ഡില്‍ തന്നെ. തലസ്ഥാന നഗരമായ ഡെറാഡൂണ്‍, നൈനിറ്റാള്‍, മുസൂറി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉത്തരാഖണ്ഡിന്റെ ഭാഗമാണ്.
പ്രളയം ദുരന്തം വിതച്ച കേദാര്‍നാഥിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ അപാകതയും ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ അഴിമതികളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങളുമാണ് സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് ബഹുഗുണ ഇപ്പോള്‍ ബിജെപിയിലാണ്. ഇത്തവണ മത്സര രംഗത്തുമുണ്ട്.
വിജയ് ബഹുഗുണ അടക്കം ഒമ്പത് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പും ബിജെപിയുടെ വിജയസാധ്യതകള്‍ ശക്തമാക്കി.
വിവിധ അഭിപ്രായ സര്‍വ്വേകള്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ആജ്തക്- ആക്‌സിസ് അഭിപ്രായ സര്‍വ്വേ 40 മുതല്‍ 44 സീറ്റുകള്‍ വരെ ബിജെപിക്ക് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 23-27 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. എബിപി ന്യൂസ്- ലോക്‌നീതി അഭിപ്രായ സര്‍വ്വേയില്‍ 35 മുതല്‍ 43 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യാടുഡേ- ആക്‌സിസ് 46 സീറ്റുകള്‍ വരെയും ബിജെപിക്ക് പ്രവചിക്കുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും 70 സീറ്റുകൡും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
36 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന് പക്ഷേ നിലവിലെ നിയമസഭയില്‍ 27 അംഗങ്ങളുടെ പിന്തുണമാത്രമാണുള്ളത്. 26 എംഎല്‍എമാര്‍ ബിജെപിക്കും ആറു സ്വതന്ത്ര അംഗങ്ങളുമുണ്ട്. വിജയ് ബഹുഗുണ അടക്കമുള്ള 9 പേരുടെ നിയമസഭാംഗത്വം സ്പീക്കര്‍ റദ്ദാക്കിയിരുന്നു. ഇവരെല്ലാം ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുണ്ട്.
















