ന്യൂദല്‍ഹി: ചരിത്ര പ്രസിദ്ധമായ രാഷ്‌ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു. മാര്‍ച്ച് 12 വരെ തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെയാണ് സന്ദര്‍ശന സമയം.
ഹെര്‍ബല്‍ ഗാര്‍ഡന്‍, ബോണ്‍സായ് ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും ആളുകള്‍ക്ക് പ്രവേശനം അനിവദിച്ചിച്ചുണ്ട്. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഉദ്യാനോത്സവത്തിന്റെ ഭാഗമായാണിത്. ശനിയാഴ്ച ഉദ്യാനോത്സവം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. 35ാം നമ്പര്‍ കവാടത്തിലൂടെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കര്‍ശന സുരക്ഷാ പരിശോധനകളോടെയായിരിക്കും പ്രവേശനം. വെള്ളക്കുപ്പികളും ബാഗുകള്‍, ലേഡീസ് ബാഗുകള്‍, പേഴ്‌സുകള്‍, ക്യാമറ, റേഡിയോ, ട്രാന്‍സിസ്റ്റേഴ്‌സ്, ബോക്‌സുകള്‍, കുടകള്‍, ഭക്ഷണ സാധനങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ല. കുടിവെള്ള സംവിധാനവും ടോയിലറ്റ് സംവിധാനവും രാഷ്‌ട്രപതി ഭവനില്‍ ഒരുക്കിയിട്ടുണ്ട്.
മെഡിക്കല്‍ സൗകര്യവും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി വിശ്രമ മുറികളും ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 10ന് കര്‍ഷകര്‍ക്കും ദിവ്യാംഗര്‍ക്കും പ്രതിരോധ/പാരാമിലിറ്ററി സൈനികര്‍ക്കും ദല്‍ഹി പോലീസിനുമായി മാറ്റി വച്ചിരിക്കുന്നു. ഈ ദിവസം രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ 12ാം നമ്പര്‍ കവാടത്തിലൂടെയായിരിക്കും പ്രവേശനം.
















