ന്യൂദൽഹി: ആഫ്രിക്കയിലെ ടോഗോ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് മലയാളികളെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ അറിയിച്ചത്.
മൂന്ന് വർഷമായി ജയിലിൽ കഴിയുകയായിരുന്നു ഇവര്‍. കൊച്ചി സ്വദേശികളായ ഗോഡ് വിൻ ആന്റണി, നവീൻ ഗോപി, തരുൺബാബു ,സഹോദരൻ നിധിൻ ബാബു ,എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, എന്നിവരെയാണ് മോചിപ്പിക്കാൻ ധാരണയായത്. യാത്രാരേഖകൾ ശരിയാകുന്ന മുറയ്‌ക്ക് ഇവരെ നാട്ടിലെത്തിക്കും.
2014ൽ നൈജീരിയൻ കടലിൽ അകപ്പെട്ട ഇവരെ കടൽക്കൊള്ളക്കാരെ സഹായിച്ചെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. ടോഗോയിലെ ഇന്ത്യൻ കോൺസുലേറ്റാണ് മോചനത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത്. ടോഗോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനേയും കോൺസുലേറ്റിനേയും സുഷമ സ്വരാജ് അഭിനന്ദിച്ചു.
















