കൊച്ചി: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ‘ഡെല്‍റ്റ’ എന്ന പ്ലൈവുഡ് കമ്പനി രാത്രിയില്‍ നാട്ടുകാര്‍ വളഞ്ഞു. അനധികൃതമായി രാസവസ്തുക്കള്‍ കമ്പനിയില്‍ സൂക്ഷിക്കുന്നതറിഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.
പ്ലൈവുഡ് നിര്‍മ്മണത്തിനായി ഉപയോഗിക്കുന്ന ‘ഫോര്‍മാല്‍ ഡി ഹൈഡ്’ എന്ന രാസവസ്തുവുമായെത്തിയ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. പിന്നീട് കമ്പനിക്ക് മുന്നില്‍ കമ്പനി അധികൃതരും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് നാട്ടുകാരും ഇരിങ്ങോള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം കമ്പനിയുടെ അകത്ത് പരിശോധന നടത്തി.
കമ്പനിയില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത പല രാസവസ്തുക്കളും കണ്ടെടുത്തു. ഇത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. രാവസവസ്തുക്കള്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് പോലുമില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഒരാഴ്ചയായി ഇരിങ്ങോള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കമ്പനി സ്ഥിതി ചെയ്യുന്ന പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ നഗരസഭയില്‍ പുരോഗമിക്കുകയാണ്.
















