കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ നല്‍കിയ ഉപഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി തയാറായില്ല. ഹര്‍ജി പരിഗണിച്ചപ്പോള്‍ സമരം തുടങ്ങിയതു മുതല്‍ കോളജ് അടഞ്ഞു കിടക്കുകയാണെന്നും ഒരുതരത്തിലുള്ള തടസവും സൃഷ്ടിക്കാതെ സമാധാനപരമായാണ് സമരം നടത്തുന്നതെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ബോധിപ്പിച്ചു.
പോലീസ് സംരക്ഷണം തേടി പ്രിന്‍സിപ്പാള്‍ നല്‍കിയ ഹര്‍ജിയില്‍ കോളേജിലേക്കുള്ള പ്രവേശനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും കോളേജിനു സംരക്ഷണം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഉപഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. എന്നാല്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് തടസമുണ്ടെന്ന് പരാതി ലഭിച്ചാല്‍ ഉചിതമായ നടപടിയെടുക്കാന്‍ പോലീസിനോടു നിര്‍ദ്ദേശിച്ചു.
ലോ അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പേരൂര്‍ക്കട സിഐയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ ശേഷമാണ് ഉപഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
കോളജ് ഗേറ്റിനു സമീപം ബിജെപി നേതാവ് വി. മുരളീധരന്‍ നിരാഹാര സത്യാഗ്രഹം കിടക്കുന്ന പന്തല്‍ ഉള്‍പ്പടെ ഏഴ് സമരപ്പന്തലുകളാണ് ഉള്ളതെന്നും കോളജിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന നിലയിലാണ് ഇവയെന്നും ലക്ഷ്മി നായര്‍ ഹര്‍ജിയില്‍ പറയുന്നു. ജനുവരി 27 ന് കോളേജ് വീണ്ടും തുറന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയെപ്പോലും അകത്തേക്ക് കടത്തി വിട്ടില്ല, ഒരു കാറിന് കഷ്ടിച്ചു കടന്നുപോകാനുള്ള വഴി മാത്രമാണ് ഇപ്പോഴുള്ളത്. 1200 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ 80 ഓളം പേര്‍ മാത്രമാണ് സമരം ചെയ്യുന്നത്.ലക്ഷ്മി നായര്‍ തുടര്‍ന്നു.
















