തിരുവനന്തപുരം: നഗരസഭാ കാര്യാലയത്തില്‍ നടന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സാന്നദ്ധ്യത്തില്‍ നടന്ന അദാലത്തിലെത്തിയത് മുന്‍കൂട്ടി നിസ്ചയിച്ച പരാതികള്‍ മാത്രം. പുതിയ പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടര്‍ സജ്ജീകരിച്ചെങ്കിലും പരാതികള്‍ മന്ത്രിയുടെ മുന്നിലെത്തിയില്ല.
വീടിന് നമ്പരിട്ടുനല്‍കുക എന്നതായിരുന്നു പരാതികളേരെയും. ഫയല്‍ കാണാനില്ല, നിസാര കാര്യങ്ങള്‍ പറഞ്ഞ് മടക്കിയ പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പങ്കെടുപ്പിച്ചത്. അതും പരിഹാരം കാണാനാകും എന്ന് ഉറപ്പുള്ളവമാത്രം. മൂന്ന് മാസം മുന്‍പ് കെട്ടിട നമ്പറിനായി അറ്റിപ്ര സോണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ വി ആര്‍ ഹരികുമാര്‍ എന്നയാളിനാണ് അദാലത്തില്‍ ആദ്യ പ്രശ്‌നപരിഹാരം ഉണ്ടായത്. കഴക്കൂട്ടം കുളത്തൂര്‍ കുഴിവിള സ്വദേശിയാണ് ഇയാള്‍. റസിഡന്‍ഷ്യല്‍ സോണിലാണോ ഗ്രീന്‍ സോണിലാണോ കെട്ടിടം എന്ന സംശയത്തെ തുടര്‍ന്നാണ് നമ്പര്‍ നല്‍കാതിരുന്നത് . മന്ത്രിയുടെയും മേയറുടെയും മേല്‍ നോട്ടത്തില്‍ ചില നിമിഷങ്ങള്‍ കൊണ്ട് റസിഡന്‍ഷ്യല്‍ സോണിലാണ് ഹരികുമാറിന്റെ കെട്ടിടം ഉള്‍പ്പെട്ടതെന്ന് മനസിലാക്കി നമ്പര്‍ നല്‍കി.
270 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഭൂരിപക്ഷത്തിലും കാര്യമായ ചര്‍ച്ചകളോ സമയമോ വേണ്ടി വന്നില്ല. പലതും നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പൂഴ്‌ത്തി വച്ചിരുന്നതാണെന്ന് വ്യക്തമായി. കെട്ടിട നമ്പറിനായി എത്തുന്ന ജനത്തെ കൈക്കൂലിക്കും മറ്റുമായി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അദാലത്ത് തെളിയിച്ചു. ഉദ്യോഗസ്ഥ അലംഭാവം എങ്ങനെ ഒരു തദ്ദേശ സ്ഥാപനത്തെയും അവിടെ എത്തുന്ന ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് അദാലത്തില്‍ പരിഹാരം കണ്ട പ്രശ്‌നങ്ങള്‍ കാണിച്ച് തരുന്നുണ്ട്.
















