കൊച്ചി: ഏലൂരിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. രണ്ടാഴ്ചയ്‌ക്കുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലസേചന വകുപ്പ് അഡി. ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍, ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സാധ്യതയുണ്ടോയെന്നു പരിശോധിച്ച് അറിയിക്കാനും ഉത്തരവില്‍ പറയുന്നു.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ തനിക്കെതിരെ അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെ വി.ജെ. കുര്യന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കോടതിയുത്തരവിനെ തുടര്‍ന്ന് ത്വരിതാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
















