കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമയി വിമര്‍ശിച്ച് പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ തുറന്ന കത്ത്. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കാണിച്ച് അയച്ച മൂന്നു കത്തുകള്‍ക്ക് മറുപടി കിട്ടാത്തതിനെതുടര്‍ന്നാണ് കത്ത് പരസ്യപ്പെടുത്തിയത്.
ഒരു പാര്‍ട്ടികുടുംബമായിട്ടുപോലും നീതി കിട്ടുന്നില്ലെന്ന അമര്‍ഷമാണ് കത്തിലുള്ളത്. മരണം നടന്ന് 23 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു അന്വേഷണവും നടത്തിയിട്ടില്ല. വീടിന് തൊട്ടടുത്തുള്ള വേദിയില്‍ വന്ന് മടങ്ങിയിട്ടും മുഖ്യമന്ത്രി തന്നെ വന്ന് കണ്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരുകില്‍ ബോംബ് സ്ഫോടനം ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി തന്റെ ഫെയ്സ് ബുക്കില്‍ തന്റെ പ്രതികരണം അറിയിച്ചു. എന്നാല്‍ തങ്ങളുടെ കുടുംബത്തിന് ആശ്വാസകരമായ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്താത്തത് പാര്‍ട്ടി അനുഭാവിയായ തന്നെ നിരാശപ്പെടുത്തി.
ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കാനുള്ള മാനേജുമെന്റിന്റെ ശ്രമത്തെയും മഹിജ തന്റെ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തിട്ടും എന്തുകൊണ്ട് അവര്‍ക്കെതിരെ കേസ് എടുത്തില്ലെന്നും മഹിജ ചോദിക്കുന്നു.
















