തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. ഭൂമി നല്‍കിയതിനെക്കുറിച്ചും ഭൂമി വിനിയോഗത്തെ സംബന്ധിച്ചും പരിശോധന വേണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
ലോ അക്കാദമി അധിക ഭൂമി കൈവശം വയ്‌ക്കുന്നുവെന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രസ്താവനയ്‌ക്ക് തൊട്ടു പിന്നാലെയാണ് വി.എസ് കത്ത് നല്‍കിയത്. ലോ അക്കാദമി പ്രശ്നവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയേയും സര്‍ക്കാരിനെയും കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കുന്ന ശ്രമങ്ങളാണ് വി.എസ് നടത്തുന്നത്. നേരത്തെ ലോ അക്കാദമിയുടെ സമരപന്തലിലെത്തിയ വി.എസ് അധികം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സെക്രട്ടേറിയറ്റിന് സമീപമുള്ള ലോ അക്കാദമിയുടെ ഭൂമിയില്‍ ഫ്ലാറ്റ് പണിതുവെന്ന ആരോപണമുണ്ട്. ഇക്കാര്യം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ പ്രശ്നമല്ല വലുതെന്നും വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ക്കുകയാണ് ആദ്യ ശ്രമമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
















