കോഴിക്കോട്: പൂനെ ഇന്‍ഫോസിസിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. ഇന്ന് രാവിലെ രസീലയുടെ അച്ഛനും രണ്ട് ബന്ധുക്കളും പൂനൈയിലേക്ക് തിരിച്ചിട്ടുണ്ട്. രസീലയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.
രസീലയുടെ നില ഗുരുതരമാണെന്ന് കാണിച്ച് ഇന്നലെ രാത്രി എട്ട് മണിയ്‌ക്കാണ് പൂനെയില്‍ നിന്നും ഫോണ്‍ സന്ദേശം എത്തിയത്. ഒപ്പം നാല് പേര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് രസീല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കുന്നത്. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ നിരവധി പേര്‍ രസീലയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രായമായ മുത്തശ്ശനും മുത്തശ്ശിയും അടുത്ത ബന്ധുക്കളും മാത്രമാണ് രസീലയുടെ വീട്ടില്‍ ഇപ്പോഴുള്ളത്.
ഒന്നര മാസത്തിന് മുമ്പാണ് രസീല അവധി കഴിഞ്ഞ് പൂനൈയിലേക്ക് മടങ്ങിയത്. രസീലയുടെ അമ്മ മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു. സഹോദരന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. വിമുക്ത ഭടനാണ് രസീലയുടെ അച്ഛന്‍. ഇപ്പോള്‍ അദ്ദേഹം പോലീസില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്നു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് രസീല പഠിച്ചത്. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. പഠിക്കാന്‍ വളരെ മിടുക്കിയായ രസീല ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെയാണ് ഇന്‍ഫോസിസില്‍ ചേരുന്നത്. രണ്ട് വര്‍ഷമായി ജോലി കിട്ടിയിട്ട്. ആദ്യം ബംഗളുരുവിലും പിന്നീട് പൂനൈയിലേക്കും സ്ഥലം മാറുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് രസീല രാജു കൊല്ലപ്പെടുന്നത്. രാത്രി വൈകിയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഓഫീസിനുള്ളില്‍ കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയം രസീലയും രണ്ട് പേരുമടങ്ങുന്ന സംഘം ഓണ്‍ലൈന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ വൈശാലി ജാദവ് പറഞ്ഞു.
















