വിഴിഞ്ഞം: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ പതിനഞ്ച് മണിക്കൂര്‍ നീണ്ട സംഗീതകച്ചേരി നടത്തി വ്യത്യസ്ഥനാകാന്‍ ഒരുങ്ങുകയാണ് വാഴമുട്ടം ചന്ദ്രബാബു എന്ന സംഗീതജ്ഞന്‍. എന്നാല്‍ ഈ സംഗീത സദസ്സ് വ്യത്യസ്ഥമാകുന്നതിന് മറ്റൊരു കാരണം വിവിധ മതങ്ങളുടെ ഗാനങ്ങള്‍ ഒരു വേദിയില്‍ തന്നെ ആലപിക്കപ്പെടുന്നു എന്നത് കൊണ്ട് കൂടിയാണ്. ഈ ഗാനങ്ങളെല്ലാം എഴുതിയതും സംഗീതം നല്‍കിയതും ആലപിക്കുന്നതും ചന്ദ്രബാബു തന്നെയാണ്.
മതവൈവിധ്യങ്ങളുടെ നാടായ ഭാരതത്തില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ തന്നാലാകുന്നത് ചെയ്യാനാണ് ശ്രമമെന്ന് ഇദ്ദേഹം പറയുന്നു. ഇരുപത് വര്‍ഷമായി വേദികളെ കീഴടക്കുന്ന ഇദ്ദേഹം മതസൗഹാര്‍ദ്ദ സംഗീതകച്ചേരി എന്ന വ്യത്യസ്ഥമായ പരിപാടി അവതരിപ്പിച്ചു തുടങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. നൂറ്റിപത്താമത്തെ വേദിയിലെ കച്ചേരിയാണ് ഇന്ന് വൈഎംസിഎ ലൈബ്രറി ഹാളില്‍ നടക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ഒന്‍പത് മണി വരെയാണ് സംഗീതയജ്ഞം. ഓരോ മൂന്ന് മണിക്കൂറിന് ശേഷമുള്ള ഇടവേള പോലും മൂന്ന് മിനിട്ടില്‍ ഒതുങ്ങും. അഞ്ച് സെറ്റ് പക്കമേളക്കാരാണ് ഓരോ ഇടവേളകളിലും മാറി വരുക. ലോകവേദികളില്‍ ആദ്യമായിട്ടാണ് ഇത്രയും ദൈര്‍ഘ്യമുള്ള മതസൗഹാര്‍ദ്ദ സംഗീത കച്ചേരി അരങ്ങേറുന്നത്.
പ്രശസ്ത സംഗീതജ്ഞനായ പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്റെ ശിഷ്യനായ ചന്ദ്രബാബു കഴിഞ്ഞ 19 വര്‍ഷമായി മുടങ്ങാതെ എല്ലാ ജനുവരി ഒന്നിനും ആറ്റുകാല്‍ ദേവിക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്താറുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും ജീവിത ചരിത്രവുമാണ് വ്യത്യസ്ഥമായ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണ നല്‍കിയത്. ഇദ്ദേഹത്തിന്റെ രചനയിലെ ‘മഹാഗണപതിം’, ‘റബ്ബേ അള്ളാഹുവെ’, ‘യേശുവിന്‍ നാമം ‘ എന്നീ കീര്‍ത്തനങ്ങള്‍ ഒരേ വേദിയിലാണ് ആലപിക്കപ്പെടുന്നത്.
സ്വാതി കലാക്ഷേത്ര എന്ന ഇദ്ദേഹത്തിന്റെ സംഗീതക്ലാസില്‍ വ്യത്യസ്ഥ മതത്തിലെ കുട്ടികള്‍ ഒരുമിച്ചിരുന്നാണ് പഠിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് പോലും ക്രിസ്ത്യന്‍ കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ ഇവിടെ എത്തുന്നുണ്ട്. നേരില്‍ എത്തി പഠിക്കാന്‍ കഴിയാത്ത 100 ല്‍ പരം ഇസ്ലാം കുട്ടികള്‍ സമൂഹമാധ്യങ്ങളിലൂടെ ഇത്തരം കീര്‍ത്തനങ്ങള്‍ പഠിക്കുന്നുണ്ട്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
സംഗീതകോളേജില്‍ നിന്നാണ് ഗാനഭൂഷണവും ഗാനപ്രവീണയും കരസ്ഥമാക്കിയത്. നെയ്യാറ്റിന്‍കര വാസുദേവന്റെ ശിഷ്യത്വം സ്വീകരിച്ച് പത്തുവര്‍ഷത്തോളത്തെ സംഗീത പഠനത്തിന് ശേഷം കേരളത്തിലുടനീളം കച്ചേരിയില്‍ പാടുകയും തമ്പുരുമീട്ടുകയും ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തോളം സെന്റ്‌ജോസഫ് സ്‌കൂളിലെ സംഗീത അദ്ധ്യാപകനായിരുന്നു. നിലവില്‍ ആകാശവാണിയില്‍ ‘ബി ഹൈ ഗ്രേഡ്’ കംപോസറാണ്. നാല്‍പ്പത്തി അഞ്ചോളം ഭക്തിഗാന സിഡികള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഉപാസന, ഗുരുദേവ സമ്പൂര്‍ണ കീര്‍ത്തനങ്ങള്‍ എന്ന രണ്ടു പുസ്തകങ്ങളുടേയും രചിയിതാവാണ്. 2017 ല്‍ പുറത്തിറങ്ങിയ വെള്ളൈനിലാ എന്ന തമിഴ് സിനിമയില്‍ ഉള്‍പ്പെടെ ഒട്ടനവധി സീരിയലുകളിലും സംഗീതം നല്‍കിയിട്ടുണ്ട്. ാജേഷ് ബ്രഹ്മാനന്ദന്‍, ഇഷാന്‍ദേവ്, ജീവന്‍ പത്മകുമാര്‍, അജയ് തിലക് ,പ്രവീണ്‍ ശ്രീനിവാസ് തുടങ്ങിയ ഒട്ടനവധി പ്രശസ്തര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്.
സംഗീത സപര്യയ്‌ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് ഭാര്യ സുമിത്രയും മക്കളായ ആദിത്യ, അഭിജ എന്നിവരും കൂടെയുണ്ട്.ശ്രീനാരായണ മിഷന്‍ അവാര്‍ഡ്, സ്വരാഞ്ജലി പുരസ്‌കാരം, മതമൈത്രി പുരസ്‌കാരം, മതമൈത്രി സംഗീത കലാരത്‌ന പുരസ്‌കാരം തുടങ്ങിയവ ലഭിച്ച ചന്ദ്രബാബുവിന് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതു മാത്രം.
















