പുതുക്കാട്:കോള്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്കി ചിമ്മിനി ഡാം തുറന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഡാമിന്റെ സ്ലൂയീസ് വാല്‍വുകള്‍ തുറന്നത്. വരന്തരപ്പിള്ളി മേഖലയില്‍ കുറുമാലി പുഴയിലെ തടയണകളുടെ നിര്‍മാണത്തിനായാണ് ചിമ്മിനി ഡാം അടച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുന്‍പായി തടയണകളുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.കോള്‍ നിലങ്ങള്‍ വരണ്ടു തുടങ്ങിയതിനാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്തിലാണ് ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും. അതേ സമയം, കുറുമാലി പുഴയില്‍ കന്നാറ്റുപാടം, കാരികുളം, തോട്ടുമുഖം, വാസുപുരം എന്നീ നാല് തടയണകളിലും നീരടഞ്ഞിട്ടുണ്ട്.
തടയണകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി പ്രവൃത്തികള്‍ വഴിയെ പൂര്‍ത്തിയാക്കും. തടയണ നിര്‍മാണം വൈകിയതോടെ വരന്തരപ്പിള്ളിയിലെ ഭൂരിഭാഗം ശുദ്ധജല പദ്ധതികളും ഭാഗികമായി മാത്രമെ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. തടയണ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മാഞ്ഞാംകുഴി മുതല്‍ ഏനാമാവ് വരെയുള്ള പതിമൂവായിരം ഹെക്ടര്‍ കോള്‍ കൃഷിക്ക് പ്രധാന ആശ്രയമാണ് ചിമ്മിനിയിലെ വെള്ളം.
ചിമ്മിനിയുടെ പ്രധാന ജലവിതരണ മാര്‍ഗ്ഗമായ കുറുമാലി പുഴയില്‍ മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ ഡാം തുറന്നുവിട്ട വെള്ളം കോള്‍ പാടങ്ങളിലെത്തിയില്ലെന്ന ആക്ഷേപവുമുണ്ട്. ഇതിനിടയില്‍ ഡാം അടച്ചതോടെ കോള്‍ നിലങ്ങള്‍ വരണ്ടുണങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ഡാം തുറന്നതോടെ കോള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: