ആലപ്പുഴ: മുഖംമൂടി ധാരികളായ രണ്ടംഗ സംഘത്തിന്റെ വെട്ടേറ്റ് യുവാവിനു പരിക്ക്. തെക്കനാര്യാട് വ്യാസപുരം പടിഞ്ഞാറെവെളിയില്‍ രതീഷി (32)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ഗുരുപുരം എസ്ബിടിക്കു സമീപത്തുനിന്നും പടിഞ്ഞാറേയ്‌ക്കുള്ള റോഡിലായിരുന്നു സംഭവം. എല്‍സിഡി പ്രോജക്ടറുകളും ലൈറ്റും വാടകയ്‌ക്ക് നല്‍കുന്ന സ്ഥാപനം ആലപ്പുഴ നഗരത്തില്‍ നടത്തുന്ന രതീഷ് കടയടച്ചശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. റോഡരുകില്‍ നിന്ന രണ്ടംഗസംഘം ബൈക്കു തടഞ്ഞുനിര്‍ത്തിയശേഷം രതീഷിനെ ആക്രമിക്കുകയായിരുന്നു. നെറ്റിയിലും ചെവിയ്‌ക്കും മുതുകിനുമായി ഏഴോളം വെട്ടുകള്‍ യുവാവിനേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ പ്രാണരക്ഷാര്‍ത്ഥം ഇയാള്‍ സമീപത്തെ വീടുകളില്‍ അഭയം തേടിയെത്തിയെങ്കിലും ഭയന്നുപോയ ഇവര്‍ വാതില്‍ തുറക്കാന്‍ തയാറായില്ല. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ് രതീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്‌ക്കടക്കം വെട്ടേറ്റതിനാല്‍ യുവാവിനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റി. നെറ്റിയിലെ മുറിവില്‍ മാത്രം ഒമ്പത് തുന്നലുകളാണുള്ളത്. ആളുമാറി യുവാവിനെ ആക്രമിച്ചതാണെന്നാണ് കരുതുന്നത്.
















