ന്യൂദല്‍ഹി: ബോഫോഴ്സ് അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ രക്ഷിക്കാന്‍ സ്വീഡിഷ് സര്‍ക്കാര്‍ ഇടപെട്ടെന്ന് വ്യക്തമാക്കുന്ന സിഐഎ രേഖകള്‍ പുറത്ത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്വീഡിഷ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിന്റെ വിവരങ്ങളാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പരസ്യപ്പെടുത്തിയ രേഖകളിലുള്ളത്. രാജീവ്ഗാന്ധിയുടെ സ്റ്റോക്ക്ഹോം സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്.
രാജീവ്ഗാന്ധിയെ രക്ഷിക്കുകയും സ്വീഡിഷ് കമ്പനിയായ നൊബെല്‍ ഇന്‍ഡസ്ട്രീസിനെ കേസില്‍ നിന്നും ഒഴിവാക്കിയെടുക്കുകയും ആയിരുന്നു ലക്ഷ്യം. 1988ലെ രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ബോഫോഴ്സ് ആര്‍ട്ടിലറി തോക്കുകള്‍ ഇന്ത്യയ്ക്ക് വില്ക്കാന് രാജീവ്ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കും ചില സൈനിക മേധാവികള്‍ക്കും വന്‍തുക കോഴ നല്കിയ ബോഫോഴ്സ് കേസ് എണ്പതുകൡലെ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു.
എന്നാല്‍ രാജീവ് ഗാന്ധിക്കെതിരെ യാതൊരു തെളിവും നല്കാന് അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് ദല്‍ഹി കോടതി വ്യക്തമാക്കിയിരുന്നു. ദല്‍ഹിയിലെ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാനും പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ നാണംകെടുത്താനും വഴിവെയ്ക്കുന്ന അന്വേഷണം സ്വീഡന് അവസാനിപ്പിച്ചെന്നാണ് സ്വീഡന്റെ ബോഫോഴ്സ് തോക്ക് അഴിമതി എന്ന തലക്കെട്ടിലുള്ള സിഐഎ രഹസ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
നൂറ്റമ്പതു കോടി ഡോളര്‍ മുടക്കി ഹൊവിറ്റ്സര്‍ പീരങ്കികള്‍ വാങ്ങാന്‍ ഇന്ത്യയിലെ ഇടനിലക്കാരനും ഉദ്യോഗസ്ഥര്‍ക്കുമായി സ്വീഡിഷ് കമ്പനി കൈക്കൂലി നല്‍കിയെന്നാണ് കേസ്. സ്വീഡിഷ് അന്വേഷകര്‍ 1987ല്‍ ദേശീയതലത്തില്‍ നടത്തിയ പരിശോധനയില്‍ ഇടനിലക്കാരന് 40 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്വീഡിഷ് പോലീസും പ്രത്യേക കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് 1988ല്‍ രാജീവ്ഗാന്ധി സ്വീഡന് സന്ദര്‍ശിച്ചത്.
സിബിഐ കേസന്വേഷണം തുടരുകയും സ്വിസ് ബിസിനസുകാരന് ക്വത്തറോച്ചിയെയും രാജീവ്ഗാന്ധിയെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: