കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗം ഉള്‍പ്പടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. രാജകുമാരനെ കൊന്ന കേസിലാണ് രാജകുടുംബാംഗമായ ഷെയ്ഖ് ഫൈസല്‍ അല്‍ അബ്ദുള്ള അല്‍ സലബിനെ തൂക്കിലേറ്റിയത്. ഇയാളെ 2011-ലാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് വിരുന്നൊരുക്കിയ പന്തലിന് തീയിട്ട് 57പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയും സ്വദേശി വനിതയുമായ നസ്ര അല്‍ അനേസിയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരാള്‍. സ്പോണ്‍സറുടെ മകളെ ഉറങ്ങുന്നതിനിടെ വെട്ടിക്കൊന്ന വേലക്കാരിയായ ഫിലിപ്പീന്‍സുകാരി, വിവിധ കൊലപാതക കേസുകളില്‍ പ്രതികളായ ഇത്യോപ്യക്കാരി, ബംഗ്ലാദേശുകാരന്, ഈജിപ്തുകാരായ രണ്ടുപേര്‍ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടത്.
കുവൈത്തിലെ പന്ത്രണ്ടാം അമീറായിരുന്ന സലബ് അല്‍ സലേം അല്‍ സലബിന്റെ കൊച്ചുമകന് ഷെയ്ഖ് ബാസല്‍ സലേം സബാഹ് അല്‍ സലേം അല്‍ സലബിനെയാണ് ഷെയ്ഖ് ഫൈസല്‍ കൊലപ്പെടുത്തിയത്. വീല്‍ചെയറിലായിരുന്ന ഷെയ്ഖ് ബാസലിനെ മിലിറ്ററി ഇന്റലിജന്‍സില്‍ ക്യാപ്റ്റന്‍ കൂടിയായ ഷെയ്ഖ് ഫൈസല്‍ ഔദ്യോഗിക പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
തൊട്ടടുത്തുനിന്ന് ഏഴു തവണ ഫൈസല്‍ നിറയൊഴിച്ചുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഷെയ്ഖ് ബാസലിന്റെ കൊലപാതകം രാജകുടുംബത്തെ കടുത്ത ദുഃഖത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: