തിരുവനന്തപുരം: രാഷ്ട്രപതിയുടെ മെഡല്‍ പട്ടികയില്‍ നിന്നും കേരള പോലീസ് പുറത്തായതിന് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു. പോലീസിന്റെ ശുപാര്‍ശ ഡിസംബര്‍ 30ന് വൈകുന്നേരം ഓണ്‍ലൈന്‍ വഴിയാണ് നല്‍കിയത്. ഇതിലാണ് വീഴ്ചയുണ്ടായത്.
അതേസമയം ആഭ്യന്തര വകുപ്പിന് കീഴിലുള്ള അഗ്നിശമന സേനാവിഭാഗത്തിന് രാഷ്ട്രപതിയുടെ നാല് മെഡലുകള്‍ കിട്ടുകയും ചെയ്തു. ഒരു വിശിഷ്ട സേവാ മെഡലും മൂന്ന് സ്തുത്യര്‍ഹ സേവാ മെഡലുമാണ് അഗ്നിശമന സേനയ്ക്ക് ലഭിച്ചത്.
പോലീസ്, ജയില്‍, അഗ്നിശമന വിഭാഗങ്ങളില്‍ നിന്നും മെഡലിന് അര്‍ഹതയുള്ളവരുടെ ശുപാര്‍ശ പട്ടിക അതത് വകുപ്പ് തലവന്മാര് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഫയര്‍ ഫോഴ്സിന്റെയും ജയിലിന്റെയും ശുപാര്‍ശകള്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ രജിസ്ട്രേര്‍ഡ് ആയാണ് കേന്ദ്രത്തിന് കൈമാറിയത്. ഡിസംബര്‍ 20നാണ് ഫയര്‍ഫോഴ്സിന്റെ അപേക്ഷ കേന്ദ്രത്തിന് നല്‍കിയത്. ഈ ശുപാര്‍ശയില്‍ നിന്നുമാണ് നാല് പേരെ മെഡലിനായി തെരഞ്ഞെടുത്തത്.
പോലീസിന്റെ ശുപാര്‍ശ സമയത്ത് ലഭിക്കാത്തതിനാല്‍ മെഡല്‍ പട്ടികയില്‍ നിന്നും പുറത്താവുകയും ചെയ്തു. മെഡല്‍ നിഷേധിച്ചതില്‍ പോലീസ് സേനയ്ക്ക് കടുത്ത അമര്‍ഷമാണുള്ളത്. എന്നാല്‍ തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: