ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേയ്ക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ(ഇന്ത്യന്‍ സമയം) നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന്റെ ക്ഷണം.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതില്‍ അമേരിക്കയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തികം, പ്രതിരോധ സഹകരണം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാഷ്ട്ര തലവന്മാരും ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ വക്താവ് പിന്നീട് വ്യക്തമാക്കി.
45-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ട്രംപ് ടെലിഫോണില്‍ സംസാരിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര തലവനാണ് മോദി. കാനഡ, മെക്സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായാണ് ഇതിനു മുന്‍പ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍തന്നെ മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി ശക്തമായ ബന്ധം സൂക്ഷിക്കുമെന്ന് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: