കണ്ണൂര്‍: സംഘപ്രസ്ഥാനങ്ങള്‍ക്കു നേരെ കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും ജനാധിപത്യപരമായ രീതിയില്‍ സിപിഎമ്മിന്റെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം എല്ലാ സഹായവും നല്‍കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു പറഞ്ഞു.
തലശ്ശേരി ധര്‍മ്മടത്ത് സിപിഎം സംഘം വെട്ടിക്കൊന്ന സന്തോഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അക്രമം കൊണ്ട് തോല്‍പ്പിക്കാനാവില്ല. അക്രമവുമായി അധിക കാലം സിപിഎമ്മിന് മുന്നോട്ടു പോവാനും ആവില്ല. കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെല്ലായിടത്തും സിപിഎം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും അക്രമിക്കുകയുമാണ്.
കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍. ഇതിന് കാരണം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപിക്കുണ്ടായ ശക്തമായ മുന്നേറ്റമാണ്. സിപിഎമ്മിന്റെ മിക്ക നേതാക്കളും കണ്ണൂരില്‍ നിന്നുളളവരാണെന്നതാണ് മറ്റൊരു കാരണം.
ജനാധിപത്യം കേരളത്തില്‍ ഇല്ലാതായി . ജനങ്ങളെയും എല്ലാ രാഷ്ട്രീയ പാര്ട്ടിയിലുളളവരേയും സംരക്ഷിക്കേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. പക്ഷേ അദ്ദേഹം സിപിഎമ്മിന്റെ നേതാവിനെ പോലെയാണ് പ്രസംഗിക്കുകയും പ്രവര്ത്തിക്കുകയയും ചെയ്യുന്നത്.
ധര്‍മ്മടത്തെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം ദുരൂഹത നിറഞ്ഞതാണ്. ഗവണ്മെന്റിന്റേയോ പോലീസിന്റെയോ ഭാഗമല്ലാത്ത കോടിയേരി ഇത് പറയുമ്പോള്‍ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയാള്ക്കറിയാമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കൊലപ്പെടുത്തിയ പ്രവര്‍ത്തകരെല്ലാം ദരിദ്ര കുടുംബത്തില്‍ പിറന്നവരാണ്.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍ താന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ഷീറ്റു കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്.
താഴെതട്ടിലുളള ശക്തരായ പ്രവര്‍ത്തകരേയാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ബിജെപി ബൂത്ത് പ്രസിഡണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സന്തോഷിന്റെ കൊലപാതകം കാണിക്കുന്നത്.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
നേരത്തെ അദ്ദേഹം സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: