തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ പുന:രുദ്ധാരണ നടപടികളുമായി ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിഇഎ (സിഐടിയു) എകെജി ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന സ്പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് മന്ത്രി പുന:രുദ്ധാരണ നടപടികള്‍ അവതരിപ്പിച്ചത്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ സഹായമില്ലാതെയും കടംവാങ്ങാതെയും വിതരണം ചെയ്യുന്ന തരത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പലിശ ബാദ്ധ്യത ഒഴിവാക്കിയാലെ കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറൂ. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പലിശബാദ്ധ്യതയില് നിന്ന് കെഎസ്ആര്‍ടിസിയെ മുക്തമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തൊഴിലാളികളുടെ കൂടി പങ്കാളിത്തോടെയും ശമ്പളം, പെന്ഷന് എന്നിവ സംരക്ഷിച്ചാണ് നടപടികള്‍ നടപ്പാക്കുക. ഓരോ വര്‍ഷവും 1000 സിഎന്‍ജി ബസുകള്‍ എന്ന കണക്കില്‍ മൂന്ന് വര്‍ഷം കൊണ്ട് 3,000 ബസുകള്‍ കിഫ്ബി വഴി വാങ്ങിനല്‍കും.
ഉല്‍പ്പാദനക്ഷമതയില്‍ ദേശീയ ശരാശരിയുമായുള്ള അന്തരം പകുതിയായി കുറയ്ക്കണം. ഒരു വര്‍ഷം കൊണ്ട് ഈ ലക്ഷ്യം 75 ശതമാനവും രണ്ട് വര്‍ഷം കൊണ്ട് 100 ശതമാനവും പൂര്‍ത്തീകരിക്കും.
കെഎസ്ആര്‍ടിസി കമ്പ്യൂട്ടര്‍ വത്കരണത്തിനും ജിപിഎസ് ഏര്‍പ്പെടുത്തുന്നതിനുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. കെ.കെ. ദിവാകരന് , ടി.കെ. രാജന്, സി.വി. വര്‍ഗീസ്, സി.കെ. ഹരികൃഷ്ണന് വിവിധ ജില്ലകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: