തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പോബ്സ് ഗ്രൂപ്പിന്റെ കൈയേറ്റം റദ്ദാക്കിയ സര്‍വ്വേ ജോയിന്റ് ഡയറക്ടറുടെ നടപടി റദ്ദാക്കിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് വിശദീകരണം തേടി. പേരൂര്‍ക്കടയില്‍ അഞ്ചേക്കര്‍ ഭൂമി ക്വാറി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പേരൂര്‍ക്കട വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 23ലെ റീസര്‍വേ നമ്പര്‍ 448/6,458/7,8,9,11,451/14,15,16,446/7 ഭൂമിയാണ് പോബ്സ് കൈയേറിയത്. സര്‍വേ അദാലത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പോക്കുവരവ് ചെയ്ത് പോബ്സ് സ്വന്തമാക്കിയത്. സര്‍വേ വിജിലന്‍സ് പരിശോധിച്ച് ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വേ ജോയിന്റ് ഡയറക്ടര്‍ പോക്കുവരവ് റദ്ദാക്കുകയായിരുന്നു. എന്നാല്‍ സര്‍വേ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് റവന്യൂ സെക്രട്ടറി ക്രമവിരുദ്ധമായി സ്റ്റേ ചെയ്ത് ക്വാറിക്കനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ജന്മഭൂമി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഞ്ചര ലക്ഷത്തോളം ഏക്കര്‍ തോട്ടഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. തോട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മ്മാണമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ജൂണിലാണ് സര്‍ക്കാരിന് തന്നത്. ഇത് നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും സിപി.ഐയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടോ എന്നു ചോദിച്ചപ്പോള്‍ അതാത് പാര്‍ട്ടി സെക്രട്ടറിമാരാണ് അക്കാര്യം വിശദീകരിക്കേണ്ടതെന്നായിരുന്നു മറുപടി. 2010 ന് ശേഷം ഇടുക്കിയില്‍ നല്കിയ പട്ടയങ്ങളൊക്കെ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. കാസര്‍കോട് ജില്ലയിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ 26 ന് ആരംഭിക്കും.
ഇടുക്കിയില്‍ ഫെബ്രുവരി ആദ്യം റീസര്‍വേ തുടങ്ങും. കാസര്‍കോട് പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായ 10 വില്ലേജുകളില്‍ ആദ്യം റീസര്‍വേ നടത്തും. ഒരു വില്ലേജില്‍ മൂന്ന് സര്‍വേ ടീമിനെ നിശ്ചയിക്കും. ആറുമാസം കൊണ്ട് 10 വില്ലേജുകളിലെ റീസര്‍വേ പൂര്‍ത്തിയാക്കും. ഡ്രാഫ്റ്റ്സ്മാന്മാരെ സര്‍വേ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നത് ആലോചിക്കും. റദ്ദാക്കിയ സര്‍വ്വേയര്‍ തസ്തികകള്‍ ആവശ്യമെങ്കില്‍ പുനസ്ഥാപിക്കും. ആവശ്യമായ ജോലികളുള്ളിടത്തെല്ലാം ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും എന്നാല്‍ എല്ലാ ജീവനക്കാരേയും സര്‍വേ പ്രവര്‍ത്തനത്തിനായി മറ്റു ജില്ലകളിലേക്കയയ്ക്കാന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റീസര്‍വേ മൂലം ഇടുക്കിയിലെ പട്ടയവിതരണം മുടങ്ങില്ല. ഇതിനായുള്ള സംയുക്ത പരിശോധന നേരത്തെ പൂര്‍ത്തിയായതാണ്.
വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും കുടിവെള്ള വിതരണത്തിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: