കുന്നത്തൂര്‍: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പഴയ ഊട്ടുപ്പുര കാട് കയറി നശിക്കുന്നു. ക്ഷേത്രക്കടവിനോട് ചേര്‍ന്നാണ് ദശാബ്ദങ്ങളുടെ പഴക്കമുള്ള ഊട്ടുപുര സ്ഥിതി ചെയ്യുന്നത്. പഴയ കാലത്ത് ക്ഷേത്രങ്ങളിലെ വിശേഷാവസരങ്ങളില്‍ പ്രസാദമൂട്ടും വിവാഹസദ്യകളും മറ്റും ഇവിടെ വച്ചാണ് നടന്നിരുന്നത്. ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളും ഇവിടെയാണ് നടക്കുന്നത്. പഴയ കാലത്ത് കടത്ത് യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രമായും ഊട്ട് പുര ഉപയോഗിച്ചിരുന്നു. എന്നാല്‍ പുതിയ സദ്യാലയം വന്നതോടെ ഊട്ടുപുര വിനിയോഗിക്കാതെ അടച്ചിട്ടതോടെ ഇതിന്റെ നശീകരണവും ആരംഭിച്ചു. തകര ഷീറ്റില്‍ നിര്‍മ്മിച്ച മേല്‍ക്കൂര ദ്രവിച്ച് തുടങ്ങി. മഴവെള്ളം അകത്ത് വീഴുന്നത് മൂലം തടികളും സൂക്ഷിച്ചിരിക്കുന്ന മറ്റ് സാധനങ്ങളും നശിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ തടികളാണ് ഇതിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഊട്ടുപുര വള്ളിപ്പടര്‍പ്പുകളാല്‍ പൊതിഞ്ഞ് കാട് മൂടിയ നിലയിലാണ്. ഇന്ന് ഇവിടം മദ്യപരുടെയും അനാശാസ്യക്കാരുടെയും താവളമായി മാറിയിരിക്കുകയാണ്. വെള്ളം വറ്റിയതിനെ തുടര്‍ന്ന് കടത്ത് അമ്പലക്കടവില്‍ നിന്നും അര കിലോമീറ്ററോളം കിഴക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ കടത്ത് യാത്രക്കാരും ഇന്നിത് ഉപയോഗിക്കുന്നില്ല. ഊട്ടുപുര സംരക്ഷിക്കാന്‍ അടിയന്തിരനടപടി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: