പാലക്കാട്: ഭാരതത്തില്‍ മാവോയിസം നിരോധിച്ചപ്പോള്‍ ആ പാത പിന്തുടര്ന്നവരാണ് സിപിഎമ്മുകാരെന്ന് മീനാക്ഷി ലേഖി എംപി. കഞ്ചിക്കോട് പുതുശ്ശേരിയില്‍ മഹിളാമോര്‍ച്ച നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍.
സിപിഎമ്മിന്റെ കൊലയാളി മനോഭാവത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഏറ്റവുമധികം മനുഷ്യവേട്ട നടന്നത്. കഞ്ചിക്കോട് ചടയന്‍കലായില്‍ ഒരുകുടുംബത്തിലെ രണ്ടുപേരെ ചുട്ടുകൊന്നു. രാധാകൃഷ്ണന്റെയും വിമലയുടെയും കുട്ടികള്‍ അനാഥരായിരിക്കുന്നു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ പോരാടാനും അവര്‍ ആഹ്വാനം ചെയ്തു.
കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ കാട്ടാള മനോഭാവമാണ്. അവരുടെ ചിന്ത ജനാധിപത്യവിരുദ്ധവും സങ്കുചിതവും തീവ്രവാദപരവുമാണ്. പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളിന് വിരമിക്കല്‍ ദിവസം ശവക്കല്ലറയൊരുക്കിയാണ് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം യാത്രയയപ്പ് നല്‍കിത്.
വിസ്മയ എന്ന കുട്ടിയുടെ അച്ഛനെ വെട്ടിനുറുക്കിയത് ആ കുട്ടിക്ക് സമ്മാനം നല്കിയ അവതാരകനുംഎംഎല്എയുമായ മുകേഷിന്റെ പാര്‍ട്ടി തന്നെയാണ്. സമ്മാനം നല്‍കികൊണ്ട് അച്ഛന്റെ ജീവന് തിരിച്ചെടുത്തു. സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥ സിപിഎം തിരിച്ചറിയണം.
സിപിഎമ്മിന് മനുഷ്യത്വമുണ്ടെങ്കില്‍ അവര്‍ക്ക് സഹായം നല്കുവാന് തയ്യാറാവുമായിരുന്നുവെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ഭരണഘടന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.അത് ഹനിക്കുവാന്‍ ആര്‍ക്കും അധികാരമില്ല.
കഞ്ചിക്കോട് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സൗജന്യമായി സ്ഥലം നല്കിയവരാണ് വിമലയുടെയും രാധാകൃഷ്ണന്റെയും കുടുംബം. അതിനാല്‍ പ്രസ്തുത സ്ഥാപനത്തിന് വിമലയുടെ പേരു നല്‍കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്,സെക്രട്ടറി സി.കൃഷ്ണകുമാര്‍, മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി, മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍, പി.സി.തോമസ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.സിന്ധുമോള്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, മഹിളാമോര്‍ച്ച ഭാരവാഹികളായ ബിന്ദു, പി.സത്യഭാമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട വിമലയുടെയും,രാധാകൃഷ്ണന്റെയും വസതികള്‍ സന്ദര്‍ശിച്ചു.
കേന്ദ്രം ഇടപെടണം
പാലക്കാട്: സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അനിവാര്യമായെന്ന് മീനാക്ഷി ലേഖി എംപി. മനുഷ്യാവകാശ കമ്മീഷനേയോ സുപ്രീംകോടതിയെയോ സമീപിക്കേണ്ടതായി വരും. താലിബാനെപോലുള്ള തീവ്രവാദിസംഘടനകള്‍ ചെയ്യാന്‍ മടിക്കുന്ന ക്രൂരഹത്യയാണ് സിപിഎം നടത്തുന്നത്.
72000 പേര്‍ക്കാണ് ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അധികാരം വിട്ടൊഴിയുമ്പോളള് ജീവന് നഷ്ടമായത്. അതേസാഹചര്യത്തിലേക്കാണ് കേരളവും നീങ്ങുന്നതെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു. മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: