കോഴിക്കോട്: കൊലപാതക പരമ്പരകളിലൂടെ സിപിഎം കേരളത്തെ അനാഥമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. പാലക്കാട് ബിജെപി പ്രവര്‍ത്തക വിമലയെ ചുട്ടുകൊന്നതിനെതിരെയും സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെയും മഹിളാ മോര്‍ച്ച സംഘടിപ്പിച്ച പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പാലക്കാട്ട് അച്യുതാനന്ദന്റെ മണ്ഡലത്തിലും കണ്ണൂരില്‍ പിണറായിയുടെ മണ്ഡലത്തിലും പാവപ്പെട്ടവരെ കൊന്നുതള്ളുകയാണ്. അക്രമ രാഷ്ട്രീയം തെറ്റാണെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവേകമെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കാണിക്കണം.
കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളും വിചാരിച്ചാല്‍ അവസാനിക്കുന്നതാണ് സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം. എന്നാല്‍ ക്രിമിനലുകളെ വേട്ടയാടാന്‍ വിട്ട് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തമുള്ള പിണറായി വിജയന് ധര്‍മ്മടത്ത് നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തമേല്‍ക്കണം.
ജീവിക്കാനും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും സിപിഎമ്മിനു മുന്നില്‍ യാചിക്കാന്‍ ബിജെപിയും ആര്‍എസ്എസും തയ്യാറല്ല. അക്രമം വ്യാപിപ്പിക്കാനാണ് നീക്കമെങ്കില്‍ പ്രതിരോധം രാജ്യത്തെങ്ങുമുയര്‍ത്തേണ്ടിവരും. ഈ നീക്കം സിപിഎമ്മിന് ആപത്ത് വരുത്തിവെക്കുമെന്ന്് ഓര്‍ക്കണം. ശോഭാസുരേന്ദ്രന് പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ .ടി. മണി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: