കൊല്ലം: അഞ്ചാലൂംമൂട് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും മണ്ണ് കടത്തിയ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങി ബിജെപി. ഗുരുതരമായ കുറ്റമാണ് സ്കൂള്‍അധികൃതര്‍ നടത്തിയിരിക്കുന്നതെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പു പനയം പറഞ്ഞു. സംഭവത്തില്‍ സ്കൂള്‍ പ്രഥമാധ്യാപിക ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുക്കണം.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വൃത്തിയാക്കുന്നതിനായാണ് ജെസിബിയും ലോറിയും എത്തിയതെന്നും മുന്‍വശത്ത് നിന്ന് നീക്കം ചെയ്ത മണ്ണ് പുറത്ത് കൊണ്ടുപോയിട്ടില്ലെന്നുമുള്ള സ്കൂള്‍ അധികൃതരുടെ വിശദീകരണം പച്ചക്കള്ളമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളില്‍ നിന്നും നീക്കം ചെയ്ത മണ്ണ് എവിടേക്കാണ് കൊണ്ടുപോയതെന്ന് സ്കൂള്‍ അധികൃതര്‍ക്ക് വ്യക്തമാക്കണം. അതേസമയം മണ്ണ് നീക്കം ചെയ്ത ഭാഗത്ത് നിന്ന ഈട്ടിമരം മുറിച്ച് മാറ്റിയിട്ടുമുണ്ട്. മുന്‍കൂട്ടി വനംവകുപ്പിന്റെ അനുമതി തേടാതെ മരംമുറിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇത് വനംവകുപ്പ് അന്വേഷിക്കണം. കഴിഞ്ഞ ദിവസമാണ് സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗത്തെ മണ്ണാണ് സ്കൂള്‍ അധികൃതര്‍ അറിയാതെ അനില്‍ ലോറിയില്‍ കയറ്റിക്കൊണ്ടു പോയത്.
സ്കൂളിനകത്ത് ലോറികളും ജെസിബിയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെത്തി അനധികൃത മണ്ണെടുപ്പ് തടഞ്ഞതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. പ്രതിഷേധം ശക്തമായതോടെ തന്റെ അറിവോടെയല്ല മണ്ണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രഥമാധ്യാപിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: