സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ മലാഗയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ സെര്‍ജിയൊ റാമോസിനെ (ഇടത് ) അഭിനന്ദിക്കാനെത്തുന്ന സഹതാരം നാച്ചൊ
മാഡ്രിഡ്: തുടരെ രണ്ടു തോല്‍വികളോടെ ആരാധകരെ നിരാശരാക്കിയ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. അതും അതിലൊരു തോല്‍വിക്കു കാരണക്കാരനായ നായകന് സെര്‍ജിയൊ റാമോസിന്റെ ഇരട്ട ഗോളില്‍. ലാ ലിഗയില്‍ മലാഗയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ഒന്നാമത് തുടരുന്നു റയല്‍.
സെവിയ്യയ്ക്കെതിരായ മത്സരത്തിലാണ് സെല്‍ഫ് ഗോളിലൂടെ റാമോസ് ടീമിനു തോല്‍വി വാങ്ങിക്കൊടുത്തത്. അതും തോല്‍വിയറിയാതെ തുടരെ 40 മത്സരങ്ങളെന്ന റെക്കോഡിനു ശേഷം. ബെര്‍ണാബുവില്‍ 35, 43 മിനിറ്റുകളില്‍ റാമോസ് ലക്ഷ്യം കണ്ടു. 63ാം മിനിറ്റില്‍ യുവാന്‍ ആനര് മലാഗയുടെ ആശ്വാസം. 18 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 43 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട് റയല്‍. സെവിയ്യ (39), ബാഴ്സലോണ (38), അത്ലറ്റികോ മാഡ്രിഡ് (34) ടീമുകള്‍ തുടര്‍ സ്ഥാനങ്ങളില്‍.
മറ്റൊരു കളിയില്‍ എസ്പാന്യോള് 3-1ന് ഗ്രനഡയെ കീഴടക്കി. ഡിപൊര്ട്ടീവൊ ആല്‍വ്സ്-ലെഗനസ് (2-2), ലാസ് പല്‍മാസ്-ഡിപൊര്ട്ടീവൊ ല കൊരുണ (1-1) മത്സരങ്ങള്‍ സമനിലയില്‍. വലന്‍സിയ എതിരില്ലാത്ത രണ്ടു ഗോളിന് വിയ്യ റയലിനെയും തോല്‍പ്പിച്ചു.
പിഎസ്ജിക്ക് ജയം
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ പാരീസ് സെന്റ് ജര്‍മന്‍ ജയം. എഡിന്‍സണ്‍ കവാനിയുടെ ഇരട്ട ഗോളില്‍ നാന്റസിനെ കീഴടക്കി. എവേ മത്സരത്തില്‍ 21, 65 മിനിറ്റുകളില്‍ കവാനി ലക്ഷ്യം കണ്ടു. 21 കളികളില്‍ 45 പോയിന്റുമായി മൂന്നാമത് പിഎസ്ജി.
അതേസമയം, ലീഗില്‍ ഒന്നാമതുള്ള നീസിന് സമനില. ബാസ്റ്റിയയാണ് നീസിനെ തളച്ചത് (1-1). എവേ മത്സരത്തില്‍ 17ാം മിനിറ്റില്‍ പ്രിന്‍സ് ഒനിയന്ഗ്വിയയിലൂടെ മുന്നിലെത്തിയ ബാസ്റ്റിയയെ 33ാം മിനിറ്റില്‍ അര്‍നൗദ് സക്വെറ്റിലൂടെയാണ് നീസ് തളച്ചത്. 21 കളികളില്‍ 46 പോയിന്റുമായി മുന്നില്‍ ടീം. ഒരു മത്സരം കുറച്ചു കളിച്ച മൊണാക്കൊ 45 പോയിന്റുമായി രണ്ടാമതുണ്ട്. ഇന്നലെ ജയിച്ചിരുന്നുവെങ്കില്‍ ഒന്നാം സ്ഥാനത്ത് സുരക്ഷിതമായി തുടരമായിരുന്നു നീസിന്.
മിലാന് തോല്‍വി
റോം: ഇറ്റാലിയല്‍ ഫുട്ബോള്‍ ലീഗില്‍ കരുത്തരായ എസി മിലാന് തോല്‍വി. നെപ്പോളിയോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു മിലാന്. കളി തുടങ്ങി പത്ത് മിനിറ്റിനിടെ രണ്ടു ഗോളിന് മുന്നിലെത്തിയ നെപ്പോളിക്കെതിരെ ഒരു ഗോള്‍ മടക്കാനേ മിലാനായുള്ളു. ആറാം മിനിറ്റില്‍ ലോറെന്‍സൊ ഇന്സൈന്, ഒമ്പതാം മിനിറ്റില്‍ ജോസ് കല്ലെജൊന് എന്നിവരാണ് നെപ്പോളിക്കായി സ്കോര്‍ ചെയ്തത്. ജുരാജ് കുക്ക മിലാന്റെ ആശ്വാസം. 21 കളികളില്‍ 44 പോയിന്റുമായി മൂന്നാമത് നെപ്പോളി. 20 കളികളില്‍ 37 പോയിന്റുമായി അഞ്ചാമത് മിലാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: