തിരുവനന്തപുരം: ആറുമാസത്തിനിടെ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ രണ്ട് വാര്‍ഷികസമ്മേളനം; ലക്ഷ്യം 74 ലക്ഷംരൂപ പിരിക്കലെന്നാണ് ആരോപണം. ആക്ഷേപമുയര്‍ന്നിട്ടും ആഭ്യന്തരവകുപ്പിന് അനക്കമില്ല.
2016 സപ്തംബര്‍ അഞ്ചിന് എറണാകുളത്ത് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് സംസ്ഥാനകമ്മിറ്റി ഓഫീസിലാണ് 34-ാം വാര്‍ഷികസമ്മേളനം നടന്നത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന്റെ ചുവടുപിടിച്ച് അസോസിയേഷന്റെ തലപ്പത്ത് ഭാരവാഹിമാറ്റവും അന്ന് നടന്നു.
കോണ്‍ഗ്രസ് അനുകൂല ഭാരവാഹികളെയാണ് കാലാവധിതികയും മുമ്പ് മാറ്റി സിപിഎം അനുകൂല ഭാരവാഹികള്‍ ചുമതലയേറ്റത്. ഈ സമ്മേളനം നടന്ന് ആറുമാസം തികയുമ്പോഴേക്കും തിരുവനന്തപുരത്ത് വിജെടി ഹാളില്‍ 35-ാം വാര്‍ഷികസമ്മേളനം സംഘടിപ്പിക്കുകയാണ്.
34-ാം വാര്‍ഷികസമ്മേളനം വന്‍വിവാദത്തിലാണ് കലാശിച്ചത്. 3,700 ജീവനക്കാര്‍ 2,000 രൂപവീതം നല്‍കണമെന്ന അസോസിയേഷന്റെ സര്‍ക്കുലറാണ് വിവാദമായത്. എറണാകുളത്തെ ആസ്ഥാനത്തിനു പുറമെ തിരുവനന്തപുരത്ത് രണ്ടാമതൊന്നുകൂടി സ്ഥാപിക്കാനെന്ന പേരിലായിരുന്നു പിരിവിന് നീക്കം.
മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ഭൂരിപക്ഷം ജീവനക്കാരും വിയോജിക്കുകയും ചെയ്തതോടെ അസോസിയേഷന് ഭാരവാഹികള്‍ താത്കാലികമായി പിന്മാറി. എന്നാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനും ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
ഇതിനുപുറമെ ഡിസംബര്‍ 21 മുതല്‍ 25 വരെ ശബരിമല മണ്ഡലകാലവും ക്രിസ്തുമസ് അടക്കമുള്ള ആഘോഷങ്ങളും നടക്കുന്ന തീയതികളില്‍ 200 ജീവനക്കാരെ അവധി എടുപ്പിച്ച് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സംഘടനാ ക്ലാസിനെത്തിച്ചതും അസോസിയേഷന്റെ മുഖം വികൃതമാക്കി.
അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായ ആര്. അജിത്കുമാറിന്റെ നിര്‍ബന്ധബുദ്ധിയാണ് ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. പരിപാടിയില്‍ ഡിജിപി ഹേമചന്ദ്രന് പങ്കെടുക്കുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങളോടൊപ്പം സംസ്ഥാനസെക്രട്ടറിയുടെയും ചിത്രം വച്ച ഫ്ളക്സ് അടിച്ചാണ് 35-ാം വാര്‍ഷികസമ്മേളനത്തിന്റെ പ്രചാരം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അസോസിയേഷന്റെ നടപടിയെ പിന്തുണയ്ക്കുന്നെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനാണിതെന്നും ഒരുവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങല്‍ ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സിലാകട്ടെ സംഘടനയുടെ പേരുപോലും തെറ്റിച്ചാണ് അച്ചടിച്ചിരിക്കുന്നത്.
ഇംഗ്ലീഷില്‍ കെഎഫ്എസ്എ എന്നതിന് കെഎസ്എഫ്എ എന്നാണ് അച്ചടിച്ചിരിക്കുന്നത്. തലസ്ഥാനനഗരത്തില്‍ ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടില്ലെങ്കിലും ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ വാര്‍ഷികസമ്മേളനത്തിന്റെ ഫ്ളക്സുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: