ആലപ്പുഴ: കുട്ടനാട്ടില്‍ വര്‍ദ്ധിക്കുന്ന പോളകള്‍ ഫലപ്രദമായി തടയുന്നതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയം നിയോഗിച്ച ഉന്നതതല ഉദ്യോഗസ്ഥ സംഘം 24ന് രാവിലെ പത്തിന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ ആസ്ഥാനമായ വീഡ് റിസര്‍ച്ച് ഡയറക്ടര്‍ (ഐസിഎആര്‍) ഡോ. എ. ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് പോള നിര്‍മ്മാര്‍ജ്ജനത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കിന്നത്.
പോളകള്‍ വ്യാപിച്ചു കിടക്കുന്നത് മൂലം കൃഷിയിറക്കാന്‍ കഴിയാത്ത പ്രദേശങ്ങളായിരിക്കും സംഘം പ്രധാനമായും സന്ദര്‍ശിക്കുന്നത്. ചമ്പക്കുളം, വെളിയനാട് ബ്ലോക്ക് പഞ്ചായത്തുകളാണ് പോള ബാധിച്ച പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് തെരഞ്ഞെടുക്കുന്നത്. കുട്ടനാട്ടിലെ പ്രധാനപ്പെട്ട ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ എല്ലാം പോള കൊണ്ട് നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കൃഷിക്ക് നദികളിലൂടെയും, കനാലുകളിലുടേയും, ഉപതോടുകളിലൂടെയും വെള്ളം പാടശേഖരങ്ങളിലേക്ക് കയറ്റി വിടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. കുട്ടനാട്ടില്‍ സാര്‍വ്വത്രികമായി പോള വര്‍ദ്ധിച്ചതിനാല്‍ കുടിവെള്ളത്തിന് പോലും അതി രൂക്ഷമായ ക്ഷാമമാണ് നേരിടുന്നത്.
കുട്ടനാട്ടില്‍ സാര്‍വ്വത്രികമായി പോള വര്‍ദ്ധിച്ചതിനാല്‍ കുടിവെള്ളം പോലും ലഭ്യമല്ല. കൃഷിക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ അവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉന്നതതല സംഘം കുട്ടനാട് സന്ദര്‍ശിക്കാനെത്തുന്നത്. സംഘത്തില്‍ ഡോ. മീരാ മേനോന്‍, ഡോ.പി. ഗിരിജ, പ്രൊഫ. ബ്രിജിത്ത്, ഡോ. സി.റ്റി. എബ്രഹാം എന്നിവരും ഉണ്ടായിരിക്കും.
















