തിരുവനന്തപുരം : സിപിഎം മുന്‍ എംഎല്‍എയുടെ കുടുംബക്കാരുടെ സ്വകാര്യ കോളേജായ തിരുവനന്തപുരം പേരൂര്‍ക്കട കേരള ലോ അക്കാദമിയില്‍ ട്രസ്റ്റിന്റെ മറവില്‍ ഫ്ളാറ്റ് നിര്‍മ്മാണവും.
സിപിഎം മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠന് നാരായണന്‍നായര്‍ സെക്രട്ടറിയായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരില്‍ സ്വന്തമാക്കിയ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് 100 മീറ്റര്‍ മാത്രം അകലെയുള്ള 37.5 സെന്റ് സ്ഥലമാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സംയുക്ത സംരഭ വ്യവസ്ഥയില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്. നഗരസഭ കൗണ്‍സിലില്‍ എതിര്‍പ്പുണ്ടായെങ്കിലും സിപിഎം സ്വാധീനത്തിലാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നേടിയെടുത്തത്.
വഞ്ചിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2889/2, 2890, 2883/13 നമ്പരുകളില്‍പ്പെടുന്ന 34.5 സെന്റ് സ്ഥലവും ചേര്‍ന്നുള്ള മൂന്ന് സ്ഥലത്തുമാണ് എട്ടുനില ഫ്ളാറ്റ് സമുച്ചയം കെട്ടിയത്. വിപണിയില്‍ 20 കോടിയിലധികം രൂപവരുന്ന സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം ഉയര്‍ന്നത്.
തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള ലോ അക്കാദമി സൊസൈറ്റിയുടെ പേരിലായിരുന്നു ഭൂമി.
ഇവിടെ കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെയുള്ള റിസര്‍ച്ച് സെന്ററും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും പ്രവര്‍ത്തിക്കുകയായിരുന്നു. സൊസൈറ്റിയുടെ ആക്ട് പ്രകാരം ഈ വസ്തുവകകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍ 2009ല്‍ ഇവിടെ വാണിജ്യ ആവശ്യത്തിനായി പത്തുനില കെട്ടിടം നിര്‍മ്മിക്കുന്നതിനായി ലോ അക്കാദമി നഗരസഭയെ സമീപിച്ചു. ട്രസ്റ്റ് ഭൂമിയായിട്ടും നഗരസഭ എതിര്‍പ്പുകള്‍ അവഗണിച്ച് അനുമതി നല്കി.
ഈ അനുമതി നിലനില്‍ക്കെത്തന്നെ 2012 സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളായ ഹെദര്‍ കണ്‍സ്ട്രക്ഷനുമായി ചേര്‍ന്ന് 60:40 വ്യവസ്ഥയില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനു അനുമതി തേടി ഇരുകൂട്ടരും നഗരസഭയും സമീപിച്ചു. നഗരസഭയില്‍ ബിജെപി അംഗങ്ങളടക്കം കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കുന്നതിനെ എതിര്‍ത്തു.
എന്നാല്‍ സിപിഎം ഭരണസ്വാധീനമുപയോഗിച്ച് അനുമതി തേടി ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങുകയായിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്കും ജില്ലാ രജിസ്ട്രാര്ക്കുമൊക്കെ പരാതി പോയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: