തിരുവനന്തപുരം: ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ക്കു മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിക്ക് പുല്ലുവില കല്‍പ്പിച്ച് അത് ആത്ഹത്യയാക്കി എഴുതിത്തള്ളാന്‍ ആഭ്യന്തരവകുപ്പ് നടത്തുന്ന നീക്കം അപലപനീയമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്വാശ്രയ മാനേജ്മെന്റുകള്‍ പാര്‍ട്ടിക്കു നല്കിയ കോടികളുടെ ധനമാണ് മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് കുടപിടിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്. ജിഷ്ണുവിന്റെ മരണം ഒതുക്കിത്തീര്‍ക്കാനാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ ശ്രമം. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ജിഷ്ണുവിന്റെ അച്ഛനമ്മമാരുടെ ആവശ്യം സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കണം.
സിപിഎമ്മിന്റെ മൂക്കിന് താഴെ തിരുവനന്തപുരം ലോ അക്കാദമിയില്‍ മാനേജ്മെന്റിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. എന്നാല്‍ അതേ കോളേജിന്റെ ബോര്‍ഡ് മെംബര്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായി തുടരുന്നു. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാലാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ വിഷ്ണുവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്തിന് സമീപം പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു. കുത്തിയിരുന്ന് പ്രതിഷേധിച്ച യുവമോര്ച്ചപ്രവര്ത്തകര്ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്.എസ്. രാജീവ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അനുരാജ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, ചന്ദ്രകിരണ്‍, സംസ്ഥാനസമിതി അംഗങ്ങളായ മണവാരി രതീഷ്, രഞ്ജിത് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കവടിയാറില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ ശ്രീരാഗ്, വിഷ്ണു, ഉണ്ണിക്കണ്ണന്, നന്ദു, പ്രശാന്ത്, മണ്ഡലം പ്രസിഡന്റുമാരായ രാഹുല്‍, ഷിബുലാല്‍, ശ്രീലാല്‍, മഞ്ജിത്ത്, അജിത്ത്, ആര്.പി. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: