തലശ്ശേരി: ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ചോമന്റവിട എഴുത്താന്‍ സന്തോഷിനെ (52) വെട്ടിക്കൊന്ന കേസില്‍ ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി ഉള്‍പ്പെടെ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ഇതോടെ കൊലയില്‍ പങ്കില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെയും അതിന് കൂട്ടുനിന്ന് പ്രസ്താവന നടത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. അണ്ടലൂര്‍ സ്വദേശികളായ എംപി ഹൗസില്‍ രോഹിന് (28), മണപ്പുറം വീട്ടില്‍ മിഥുന് (26), ലീലാറാം വീട്ടില്‍ പ്രജുല്‍ (25), മുല്ലപ്രം താഹിറ മന്‍സിലില്‍ ഷമീല്‍ (26), തോട്ടുമ്മല്‍ വീട്ടില്‍ വിജേഷ് (27), പാലയാട് കേളോരി വീട്ടില്‍ അതുല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്. ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കവേ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമിസംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നേതൃത്വത്തിന്റെ ഒത്താശയോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകമെന്ന് പിടിയിലാവര്‍ പോലീസിന് മൊഴി നല്കി. സന്തോഷ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് കൊലപാതകത്തിനുള്ള കാരണം. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സിപിഎം ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ കൊല ആസൂത്രണം ചെയ്തിരുന്നു. ജനങ്ങളില്‍ ഭീതി പരത്താന്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സമയത്ത് തന്നെ കൊല നടത്തണമെന്ന് നിര്‍ദ്ദേശം നല്കിയതും നേതൃത്വം തന്നെ.
കൊലയ്ക്കു ശേഷം ഏത് തരത്തിലുള്ള പ്രചാരണം നടത്തണമെന്നും സിപിഎം നേതൃത്വം മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി. സംഭവ ശേഷം സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് നടത്തിയ പത്രസമ്മേളനത്തില്‍ സ്വത്തുതര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പച്ചക്കള്ളം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ധര്‍മ്മടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നമ്പറും കേസിന്റെ തുടര്‍ നടപടികളും ജയരാജന് വ്യക്തമാക്കി.
കൊല്ലപ്പെട്ട സന്തോഷിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ആര്‍എസ്എസിനെയും ബിജെപിയെയും കരിവാരിത്തേക്കാനും പദ്ധതി തയാറാക്കി. ഇതിന് ചില പോലീസ് ഉദ്യോഗസ്ഥരും സഹായിച്ചു. എന്നാല്‍, ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഗുണ്ടാ സംഘം അറസ്റ്റിലായതോടെ സിപിഎമ്മിന്റെ വാദമുഖങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: