ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കണക്കില്‍പ്പെടാത്ത 300 കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) എന്ന പദ്ധതി പ്രകാരം ഐടി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത്രയും തുക കണ്ടെത്തിയത്.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പിന് വലുതും ചെറുതുമായ കണക്കില്‍പ്പെടാത്ത തുകകള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കണക്കില്‍പ്പെടാത്ത 300 കോടിയാണ് ലഭിച്ചത്. കഴിഞ്ഞദിവസം മഹാരാഷ്‌ട്രയിലെ 36ഓളം ജ്വല്ലറികളില്‍ നടത്തിയ പരിശോധനയില്‍ 140 കോടി പിടിച്ചെടുത്തിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ നവംബര്‍ എട്ടിന് രാത്രി 5200ഓളം പേര്‍ മുന്‍കൂറായി നല്‍കിയ പണമാണിതെന്നാണ് ജ്വല്ലറി ഉടമകള്‍ അറിയിച്ചത്.
ഹൈാദരാബാദിലെ പ്രമുഖ സ്വര്‍ണ്ണ വ്യാപാരി 100 കോടിയുടെ അനധികൃത സ്വത്തുള്ളതായി വെളിപ്പെടുത്തി. മുംബൈയിലെ ചലച്ചിത്ര നിര്‍മ്മാതാവ് കണക്കില്‍പെടാത്ത 40 കോടിയും, ഒരു ഡോക്ടര്‍ 11.50 കോടിയും വെളിപ്പെടുത്തി.
അതേസമയം പിഎംജികെവൈ പ്രകാരം ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ രഹസ്യമായി ഉപയോഗിക്കുന്ന വരുമാന സ്രോതസ്സുകള്‍ ഉണ്ടെങ്കില്‍ 50 ശതമാനം നികുതിയും സര്‍ചാര്‍ജും ഈടാക്കുന്നതാണ്. രാജ്യത്തെ കള്ളപ്പണവും അനധികൃത സ്വത്ത് സമ്പാദനങ്ങളും പുറത്തുകൊണ്ടുവരുന്നതിനാണ് പിഎംജികെവൈ പദ്ധതി കൊണ്ടുവന്നത്.
















